മൂന്നുവർഷമായി വീടിനു നമ്പർ കിട്ടാത്തതിനെ തുടർന്ന് വീട്ടമ്മ കുഞ്ഞുങ്ങളുമായി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില് കുത്തിയിരുന്നു പ്രതിഷേധിച്ചു. പാലിയോട് കുറുവാട് എം.എം. ഹൗസിൽ സതീഷ് കുമാറിന്റെ ഭാര്യ സിനിയാണ് കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചത്. വീടുപണി പൂർത്തിയാക്കി താമസം തുടങ്ങിയിട്ട് മൂന്നുവർഷം കഴിഞ്ഞെങ്കിലും വീട്ടുനമ്പർ കിട്ടാത്തതിനെ തുടർന്ന് ഗാർഹികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷൻ ലഭിച്ചില്ല. ഇക്കാരണത്താൽ വൈദ്യുതിക്കു കൂടുതൽ തുക നൽകേണ്ടിവരുന്നു.
കുറുവാട് ജങ്ഷനു സമീപം വാങ്ങിയ വസ്തുവിൽ 2016-ലാണ് പഞ്ചായത്ത് പെർമിറ്റോടെ സിനിയുടെ കുടുംബം വീടുപണി ആരംഭിച്ചത്. പണികൾ പൂർത്തിയാക്കി വീട്ടുനമ്പരിനു ശ്രമിച്ചപ്പോൾ പഞ്ചായത്ത് അധികൃതർ പല തടസ്സങ്ങളും പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. തങ്ങളുടെ സ്ഥലം വാങ്ങാൻ താത്പര്യമുണ്ടായിരുന്ന ഒരു പ്രാദേശിക സി.പി.എം. നേതാവാണ് വീട്ടുനമ്പർ കിട്ടാൻ തടസ്സമായതെന്ന് സിനി ആരോപിക്കുന്നു.
പഞ്ചായത്ത് അധികൃതരുടെ ആവശ്യ പ്രകാരം 2018-ൽ താലൂക്ക് സർവേയർ വസ്തു അളന്ന് തിട്ട പ്പെടുത്തിയ പ്ലാനും റോഡ് കൈയേറിയിട്ടില്ലെന്നുള്ള പൊതുമരാമത്തിന്റെ നിരാക്ഷേപ പത്രവും നൽകിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരാഴ്ചയ്ക്ക് മുമ്പ് വസ്തുവിന്റെ അതിരുകൾ അളന്നു തിരിച്ച ആനാവൂർ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം നൽകിയ ശേഷവും വീട്ടുനമ്പർ ലഭിക്കാത്തതിനെ തുടർന്നാണ് വീട്ടമ്മ പ്രതിഷേധിച്ചത്.