മദ്യ വിതരണത്തിന് ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള ആപ്പിന് ബെവ് ക്യൂ എന്ന് പേര് നല്കി. ബെവ്കോയില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്ന രീതി ഓണ്‍ലൈണ്‍ ആക്കിയതുകൊണ്ടാവാം ബെവ് ക്യൂ എന്ന് പേര് നല്‍കിയത്. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്ലിക്കേഷന്റെ നിര്‍മ്മാതാക്കള്‍. ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ അപ്ഡേറ്റ് ചെയ്യുന്ന പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണ്. ആപിന് ഗൂഗിളിന്റെ അനുമതി ലഭിച്ചാല്‍ ആവശ്യക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും.
അനുമതി ലഭിച്ചില്ലെങ്കില്‍ മദ്യം നല്‍കുന്നത് ഇനിയും വൈകും. ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ആപ് പ്രവര്‍ത്തിക്കുക. ആപ്പ് വഴി ബുക്ക് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് മദ്യം വാങ്ങാനുള്ള ടോക്കണ്‍ ലഭിക്കും. ടോക്കണില്‍ രേഖപ്പെടുത്തിയിട്ടുള്ള സമയമനുസരിച്ച് ഉപഭോക്താക്കളുടെ ഏറ്റവും അടുത്തുള്ള ബീവറേജ് കോര്പറേഷന് ഔട്ട്ലറ്റുകള്, കണ്‍സ്യൂമര്‍ഫെഡ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ എന്നിവ വഴി മൂന്നു ലിറ്റര്‍ മദ്യം വരെ ലഭിക്കും. മദ്യം വാങ്ങാനെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം.