പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന 17 ഞായറാഴ്ച്ച പ്രധാനമന്ത്രിയുടെ അഭിസംബോധനയുണ്ടാകു മെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം തന്നെ ട്വിറ്ററിലൂടെ വ്യക്തമാക്കുകയായിരുന്നു. രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം ഇന്നറിയാം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമനത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവായ സാഹചര്യം വിലയിരുത്തി ലോക്ക് ഡൗണ്‍ നീട്ടണമോ അതോ റെഡ്സോണില്‍ മാത്രമായി ലോക്ക് ഡൗണ്‍ തുടരുമോ എന്നതിലും ഇന്ന് തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ട്രെയിന്‍, വിമാന സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കുന്നത് വൈകുമോ എന്നതിലും തീരുമാനമുണ്ടായേക്കും.
നിയന്ത്രണങ്ങളോട് കൂടിയുള്ള ലോക്ക് ഡൗണ്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ മൂന്നാം ഘട്ടത്തതിനേക്കാളും ഇളവുകള്‍ നാലാം ഘട്ടത്തില്‍ പ്രതീക്ഷിക്കാം.