ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പോലീസ് ഏര്‍പ്പെടുത്തിയ പ്രശാന്തി പദ്ധതിയ്ക്ക് മികച്ച പ്രതികരണം. പ്രവര്‍ത്തനമാരംഭിച്ച് നാല് ദിവസത്തിനുളളില്‍ നൂറിലധികം വയോജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്.
മരുന്ന്, ഭക്ഷണം, അവശ്യസാധനങ്ങള്‍ എന്നിവയ്ക്ക് ബുദ്ധിമുട്ടിയവരും ചികില്‍സയ്ക്ക് പോകുന്നതിന് വാഹനം ലഭ്യമല്ലാത്തവരുമായിരുന്നു പ്രശാന്തി സംവിധാനത്തിലേയ്ക്ക് വിളിച്ചവരില്‍ അധികവും. കൂടാതെ വീട്ടിലെ ഇലക്ട്രിക് സാധനങ്ങളുടെ അത്യാവശ്യ റിപ്പയറിംഗ്, വിദേശത്തുളള ബന്ധുവിന് മരുന്നെത്തിക്കല്‍, അതിര്‍ത്തി തര്‍ക്കം, ലോക്ഡൗണില്‍ കുടുങ്ങിപ്പോയ പാഴ്സല്‍ വീണ്ടെടുക്കല്‍ തുടങ്ങി നിരവധി ആവശ്യങ്ങളുമുണ്ടായിരുന്നു. സമ്പൂര്‍ണ ലോക്ഡൗണ്‍ കാരണം തികച്ചും ഒറ്റപ്പെട്ട് മാനസികമായി തളര്‍ന്ന് ബന്ധുക്കളുടെ അടുത്തെത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള വിളികളുമുണ്ട് ഇക്കൂട്ടത്തില്‍. എല്ലാത്തരം പ്രശ്നങ്ങളും ക്ഷമാപൂര്‍വ്വം കേട്ട് ഉചിതമായ പരിഹാരം കണ്ടെത്തുകയാണ് പ്രശാന്തിയിലെ ഉദ്യോഗസ്ഥര്‍. വൈകാതെതന്നെ കൗണ്‍സിലിംഗ് സേവനവും ഇതുവഴി ലഭ്യമാകും.
വിളിക്കുന്ന വയോജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കിയശേഷം പ്രശാന്തിയില്‍ നിന്ന് ഉടനടി അതത് ജില്ലകളിലെ ജനമൈത്രി നോഡല്‍ ഓഫീസുകളില്‍ വിവരം അറിയിക്കും. ജില്ലകളില്‍ നിന്ന് സഹായം ആവശ്യപ്പെട്ട മുതിര്‍ന്ന പൗരന്മാര് താമസിക്കുന്ന ജനമൈത്രി പോലീസ് സ്റ്റേഷന് വഴി ഏറ്റവും വേഗത്തില്‍ സഹായമെത്തിക്കുകയാണ് ചെയ്യുന്നത്. കൂടാതെ കോവിഡ് വാര് റൂം, സാമൂഹ്യനീതി വകുപ്പ് എന്നിവ വഴി വയോജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന സഹായങ്ങളും പ്രശാന്തി ഏകോപിപ്പിക്കുന്നു. പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അലെര്‍ട്ട് സെല്ലിന്റെ സഹായത്തോടെയാണ് അത്യാവശ്യ മരുന്നുകളെത്തിക്കുന്നത്.
തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ ഹെല്പ് ആന്റ് അസിസ്റ്റന്‍സ് റ്റു ടാക്കിള്‍ സ്ട്രെസ് സെന്റര്‍
വഴിയാണ് വിപുലമായ കൗണ്‍സിലിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ മാനസികപിന്തുണ ആവശ്യമുളളവരുടെ വിവരം പ്രത്യേകം രേഖപ്പെടുത്തിയശേഷം തിരികെ വിളിച്ച് കൗണ്‍സിലിംഗ് നല്‍കും. പ്രത്യേക പരിശീലനം നല്കിയ നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ ജോലിനോക്കുന്നത്. 9497900035, 9497900045 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ പ്രശാന്തിയുടെ സേവനം ലഭിക്കും. വീഡിയോകോള്‍ സംവിധാനത്തിലൂടെയും ബന്ധപ്പെടാം. ജനമൈത്രി നോഡല്‍ ഓഫീസറായ ഐ.ജി എസ്.ശ്രീജിത്തിനാണ് പ്രശാന്തിയുടെ ചുമതല.