സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന ഉത്തരവിൽ പുന:പരിശോധനയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ജീവനക്കാരിൽ നിന്ന് പിടിക്കുന്ന ശമ്പളം തിരികെ നൽകും. അത് എപ്പോൾ തിരികെ നൽകണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകും. ശമ്പളം പിടിക്കലല്ല, കൊടുക്കേണ്ട ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നത്. പ്രതിസന്ധി നേരിടാൻ സർക്കാരിന് ഇത്തരം നടപടികൾ സ്വീകരിക്കേണ്ടിവരും. സാലറി ചലഞ്ച് എന്ന ആശയത്തോട് പ്രതിപക്ഷമടക്കം പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം സര്‍ക്കാരിന് എടുക്കേണ്ടിവന്നതെന്നും ധനമന്ത്രി പറഞ്ഞു
20000ൽ താഴെ ശമ്പളമുള്ളവർക്ക് ശമ്പളം മാറ്റിവെക്കൽ ബാധകമല്ല. എന്നാൽ ഇതിനും സന്നദ്ധത അറിയിച്ചവരുണ്ട്. ഇത് സംബന്ധിച്ച തീരുമാനങ്ങൾ പിന്നീട് അറിയിക്കും.ശമ്പളം മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളും നിർദേശങ്ങളും സർക്കാരിന് ലഭിച്ചിട്ടുണ്ട്. അത് സമയമെടുത്ത് പരിശോധിക്കും. എന്നിരുന്നാലും ശമ്പളം മാറ്റിവെയ്ക്കുന്ന കാര്യത്തിൽ പിന്നോട്ടില്ലെന്ന് മന്ത്രി പറഞ്ഞു.