ലോക്ഡൗണ്‍ കാലത്ത് തെരുവുകളില്‍ വിശക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം എത്തിക്കാനായി കേരള പോലീസ് നടപ്പാക്കിയ ഒരു വയറൂട്ടാം പദ്ധതിക്ക് മികച്ച പ്രതികരണം. ഏപ്രില്‍ 18 വരെ 2,18,540 ഭക്ഷണപ്പൊതികളാണ് സംസ്ഥാനമൊട്ടാകെ പോലീസ് വിതരണം ചെയ്തത്. 6,648 പേര്‍ക്ക് പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു.
ലോക്ഡൗണ്‍ തുടങ്ങിയ ദിവസം തിരുവനന്തപുരം നഗരത്തില്‍ 125 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. നഗരത്തിലെ യാചകരെ പാര്‍പ്പിച്ചിരുന്ന പുത്തരിക്കണ്ടം മൈതാനത്താണ് ഭക്ഷണപ്പൊതികള്‍ എത്തിച്ചിരുന്നത്. എന്നാല്‍ 125 പൊതി തികയാതെ വന്നതിനെത്തുടര്‍ന്ന് എണ്ണം വര്‍ധിപ്പിക്കുകയായിരുന്നു. ആവശ്യക്കാര്‍ കൂടിയതോടെ പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി പി.വിജയന്റെ ആശയത്തില്‍ വിരിഞ്ഞ ഈ പദ്ധതിയിലൂടെ ഇപ്പോള്‍ സംസ്ഥാനത്ത് 25 കേന്ദ്രങ്ങളിലാണ് ഭക്ഷണപ്പൊതിയോ കിറ്റോ ലഭ്യമാക്കുന്നത്.
പുത്തരിക്കണ്ടം മൈതാനത്ത് പാര്‍പ്പിച്ചിരിക്കുന്നവരെ ഏതാനും സ്കൂളുകളിലേയ്ക്കു മാറ്റിയതോടെ അവര്‍ക്ക് സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം കിട്ടിത്തുടങ്ങി. അതോടെ പോലീസ് ഭക്ഷണം നല്‍കുന്നത് വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ചാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ അഭ്യര്‍ഥനപ്രകാരം ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി ഉച്ചയ്ക്കും രാത്രിയും 375 വീതം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. കോവിഡ്-19 മായി ബന്ധപ്പെട്ട് കാസര്‍കോട്ടേയ്ക്ക് ബസ്സില്‍ തിരിച്ച തിരുവനന്തപുരത്തു നിന്നുള്ള മെഡിക്കല്‍ സംഘത്തിന് വിവിധ കേന്ദ്രങ്ങളില്‍ ഭക്ഷണം നല്‍കിയത് പോലീസിന്റെ ഈ പദ്ധതി പ്രകാരമാണ്. കൂടാതെ തിരുവനന്തപുരം നഗരത്തിലെ ഏകദേശം 125 കിടപ്പുരോഗികള്‍ക്കും ഫൈന്‍ ആര്‍ട്സ് കോളേജില്‍ കുടുങ്ങിപ്പോയ 11 വിദ്യാര്‍ഥികള്‍ക്കും മുടങ്ങാതെ മൂന്നു നേരവും ഭക്ഷണമെത്തിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സ്പെഷ്യല്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് ആഹാരം നല്‍കുന്നതും പോലീസ് തന്നെ. 250 ഓളം ഭക്ഷണപ്പൊതികളുമായി നഗരം ചുറ്റുന്ന ഭക്ഷണവണ്ടി എന്ന വാഹനവും ഈ പദ്ധതിയുടെ ഭാഗമാണ്. വഴിയില്‍ കാണുന്ന വിശന്നിരിക്കുന്ന എല്ലാവര്ക്കും ദിവസവും ഈ വാഹനത്തില്‍ നിന്ന് ഭക്ഷണം നല്‍കുന്നുണ്ട്.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി വിവിധ ജില്ലകളിലേയ്ക്ക് വ്യാപിപ്പിച്ചത്. കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങള്‍ കൂടാതെ വണ്ടിപ്പെരിയാര്‍, പുത്തൂര്‍മഠം, കുറ്റിപ്പുറം, അട്ടപ്പാടി, തിരൂര്‍, വളാഞ്ചേരി എന്നിവിടങ്ങളിലും ഭക്ഷണപ്പൊതിയോ ഭക്ഷണക്കിറ്റോ നല്കിവരുന്നു. തിരുവനന്തപുരം നഗരത്തില്‍ മാത്രം ഏപ്രില്‍ 18 വരെ 49,396 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. ഇതേകാലയളവില്‍ കൊച്ചി നഗരത്തില്‍ 75,340 ഭക്ഷണപ്പൊതികളും കോഴിക്കോട് 25,195 ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഔര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍, നന്മ ചാരിറ്റബിള്‍ ട്രസ്റ്റ്, ലൂര്‍ദ് ഇന്സ്റ്റിറ്റ്യൂഷന്, അജുവ കാറ്ററേഴ്സ് മുതലായ സ്ഥാപനങ്ങളും പദ്ധതിയുടെ നടത്തിപ്പിന് പോലീസിനെ സഹായിക്കുന്നു. ഐ ജി പി വിജയന്, ഡി.ജി.പി യുടെ പത്നി മധുമിത ബഹ്റ എന്നിവരും നഗരത്തിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും സ്റ്റുഡന്റ് പോലീസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരും എല്ലാ ദിവസവും ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കാനായി ജഗതി അനന്തപുരി ഓഡിറ്റോറിയത്തിലെ അടുക്കളയില്‍ ഉണ്ടാകും. സ്റ്റുഡന്റ് പോലീസ് കേഡറ്റ് അസിസ്റ്റന്റ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആര് അജിത് കുമാര്‍, പോലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണ, നന്മ ഫൗണ്ടേഷന് ചീഫ് കോര്‍ഡിനേറ്റര്‍ വി.എം.രാകേഷ്, ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ ജോണി, അജുവ കാറ്ററിങ് ഉടമ മുജീബ് എന്നിവരും ഒപ്പമുണ്ട്. എല്ലാ ദിവസവും പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ്, കരിക്കകം ചാമുണ്ഡേശ്വരി ക്ഷേത്രം ട്രസ്റ്റ്, പ്രമുഖ അരി വിപണനക്കാരായ നിറപറ എന്നിവരും ഏതാനും വ്യക്തികളുമാണ് കലവറയിലേക്ക് സാധനങ്ങളെത്തിക്കുന്നത്.