കോവിഡ് 19 സാരമായി ബാധിച്ച അമേരിക്കയിലെയും കാനഡയിലെയും മലയാളികളെ ആശ്വസിപ്പിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അവിടെയുള്ള 200ഓളം മലയാളികള്‍ ഓണ്‍ലൈനില്‍ ഒരേസമയം ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചു. ശനിയാഴ്ച രാത്രി 9.30 നു തുടങ്ങിയ വീഡിയോ കോണ്‍ഫറന്‍സ് 11 മണി വരെ നീണ്ടു. കേരളത്തിന്റെ പൂര്‍ണമായ പിന്തുണയും സാന്ത്വനവും ഉമ്മന്‍ ചാണ്ടി അവരെ അറിയിച്ചു.
മലയാളി സാംസ്കാരിക പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. നാട്ടിലേക്കു വരാനാഗ്രഹിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് വിമാന സര്‍വീസ് എന്നു പുനരാരംഭിക്കും എന്നാണ് അറിയേണ്ടിയിരുന്നത്. അവര്‍ നേരിടുന്ന വിഷമങ്ങളും പങ്കുവയ്ക്കപ്പെട്ടു. കേരളത്തിന് തുടര്‍ന്നും സഹായം ഉണ്ടാകണമെന്ന് ഉമ്മന്‍ ചാണ്ടി അവരോട് അഭ്യര്‍ത്ഥിച്ചു.
ഏറെ ക്രിയാത്മകവും ആശ്വാസദായകവുമായ സംഭാഷണമായിരുന്നു അതെന്ന് പ്രവാസി സംഘടന ഭാരവാഹികള്‍ അറിയിച്ചു. Zoom ആപ്പ് വഴി നടന്ന കോണ്‍ഫറന്‍സ് ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്കിലും തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. അറുപത്തിഅയ്യായിരത്തോളം പേരാണ് ഫേസ്ബുക് ലൈവ് വീക്ഷിച്ചത്.
ഗള്‍ഫ് രാജ്യങ്ങളിലെയും, യൂറോപ്പിലെയും പ്രവാസികളുമായും സംവാദം തുടരുമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജഗതി വീട്ടിലെ രണ്ടു ഫോണ്‍ നമ്പരുകള്‍ ഉമ്മന്‍ ചാണ്ടി ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഒരു ദിവസം നൂറിലധികം കോളുകളാണ് ലഭിക്കുന്നത്. ഓരോ കോളും ഉമ്മന്‍ ചാണ്ടി അറ്റന്‍ഡ് ചെയ്യുകയും ഫോളോ അപ് നടത്തുകയും ചെയ്യുന്നു.