പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയ കുടുംബം ആശുപത്രിവിട്ടു. രണ്ടാംഘട്ടം ആദ്യം കേരളത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ചത് റാന്നി സ്വദേശികളായ ഇവരിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുപേരാണ് ആശുപത്രി വിട്ടത്. തിങ്കളാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേരും ഇവരുടെ ബന്ധുക്കളായ രണ്ടുപേരുമാണ് കഴിഞ്ഞ മൂന്നാഴ്ചയോളം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്. അവസാനം വന്ന രണ്ട് സാമ്ബിളുകളും നെഗറ്റീവ് ആയതോടെയാണ് ഇവര്‍ ആശുപത്രി വിട്ടത്. ആശുപത്രി വിട്ടെങ്കിലും വരുന്ന 14 ദിവസംകൂടി ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കും. അറിവില്ലായ്മ കൊണ്ടാണ് തെറ്റു പറ്റിയതെന്നും തങ്ങളെ രക്ഷിച്ചതിന് സര്‍ക്കാറിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും ഇവര്‍ പറഞ്ഞു.