പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് 19 രോഗലക്ഷണങ്ങളുമായി വനിതാ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും നിരീക്ഷണത്തില്‍. ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവര്‍ത്തിച്ച വനിതാ ഡോക്ടറാണ് നിരിക്ഷണത്തിലുള്ളത്. സ്രവം പരിശോധനയ്ക്കയച്ചു. കോവിഡ് 19 വ്യാപനത്തിന്റെ രണ്ടാംഘട്ടത്തെ നേരിടാന്‍ കരുതലോടെ കേരളം നീങ്ങുന്നതിനിടെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ പുതിയതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചില്ലെങ്കിലും ആശുപത്രിയില്‍ അറുപത്തിയഞ്ചുപേര്‍ കൂടി നിരീക്ഷണത്തിലായി.
കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ മൂന്നാം പരിശോധനാ ഫലവും നെഗറ്റീവായത് ജില്ലയ്ക്ക് ആശ്വാസമായി. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടറുടെ വിശദമായ സഞ്ചാരപാത ഇന്ന് പുറത്തുവിട്ടേക്കും. ശ്രീചിത്രിയില്‍ പുതിയതായി ആര്‍ക്കും രോഗലക്ഷണം ഇല്ലെന്നതും ആശ്വാസമാണ്. രോഗം സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ യാത്രാവഴിയും ഇന്നലെ രാത്രി പുറത്തുവിട്ടിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കോവിഡ് വ്യാപനം കണക്കിലെടുത്ത് എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം നല്‍കണമെന്ന ബാങ്കേഴ്സ് സമിതി യോഗത്തിന്റെ ശുപാര്‍ശയിലും ഇന്ന് തീരുമാനമുണ്ടാകും.