കൊച്ചി: കഴിഞ്ഞ 29ന് ഇറ്റലിയില്‍നിന്ന് ദോഹ വഴി നെടുമ്ബാശേരിയിലെത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്നു യാത്രക്കാര്‍ ഹെല്‍ത്ത് കൗണ്ടറുമായി ബന്ധപ്പെടാതെ പരിശോധന ഒഴിവാക്കിയതായി സിയാല്‍. ഇവര്‍ നേരിട്ട് ഇമിഗ്രേഷനിലെത്തുകയായിരുന്നു. യാത്ര തുടങ്ങിയത് ഇറ്റലിയില്‍ നിന്നാണെന്ന കാര്യം മറച്ചുവച്ച് പുറത്തിറങ്ങുകയും ചെയ്തു. ഇവര്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ അവഹേളിച്ച് നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം നടത്തി ഇത് ബോധ്യപ്പെട്ടതായാണ് സിയാല്‍ വിശദീകരിക്കുന്നത്. ഇതേ റൂട്ടില്‍ വന്ന മറ്റുള്ളവര്‍ ഈ സമയം ഹെല്‍ത്ത് കൗണ്ടറുമായി ബന്ധപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.
മാര്‍ച്ച് മൂന്നിനു രാജ്യാന്തര യാത്രക്കാര്‍ക്ക് യൂണിവേഴ്സല്‍ സ്ക്രീനിങ് ഏര്‍പ്പെടുത്തിയതോടെ എല്ലാവരും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന സാഹചര്യമാണുള്ളത്.അതേസമയം, ചില രാജ്യാന്തര യാത്രക്കാര്‍ കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങളില്‍ ഇറങ്ങി ആഭ്യന്തര റൂട്ടില്‍ കൊച്ചി ഡൊമസ്റ്റിക് ടെര്‍മിനലില്‍ എത്തുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ആഭ്യന്തര യാത്രക്കാര്‍ക്കും കേരള സര്‍ക്കാര്‍ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ ഇറ്റലിയില്‍ നിന്ന് എത്തിയ 52 യാത്രക്കാര്‍ക്ക് മതിയായ സൗകര്യമൊരുക്കിയില്ലെന്ന ആരോപണം വസ്തുതാരഹിതമാണ്. ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ കോവിഡ് രോഗബാധിതര്‍ അല്ലെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് അഞ്ചിന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഈ സര്‍ക്കുലര്‍ മാര്‍ച്ച് 10ന് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഇന്ത്യയില്‍ എത്തിയതിനാല്‍ ഇൗ 52 പേരെയും സാധാരണ പരിശോധന നടത്തി പുറത്തുവിടുന്നത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാകും.
അതേസമയം ഇത്രയധികം പേരെ ഒറ്റയടിക്ക് കളമശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ എത്തിക്കുന്നത് നിലവിലെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കും. അതുകൊണ്ടാണ് എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫിസിലെ ഉദ്യോഗസ്ഥരുടെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും തീവ്രശ്രമത്തിന്റെ ഫലമായി പുലര്‍ച്ചെ നാലരയോടെ ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ഐസലേഷന്‍ വാര്‍ഡ് സജ്ജമാക്കിയത്. അഞ്ചുമണിയോടെ എല്ലാവരെയും ആംബുലന്‍സില്‍ ഇവിടെ എത്തിക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ അതീവജാഗ്രത പുലര്‍ത്തിക്കൊണ്ട് മെഡിക്കല്‍ സംഘം രണ്ടരമണിക്കൂറോളം ഇവരെ ശുശ്രൂഷിക്കുകയും ലഘു ഭക്ഷണം നല്‍കുകയും ചെയ്തിട്ടുണ്ട്.
ദിവസവും മുപ്പതിനായിരത്തോളം പേര് യാത്രചെയ്യുന്ന കൊച്ചി വിമാനത്താവളത്തില്‍ രോഗ പ്രതിരോധ സംവിധാനം കുറ്റമറ്റ രീതിയില്‍ നടത്താന്‍ കേന്ദ്ര, സംസ്ഥാന ആരോഗ്യ സംഘങ്ങള്‍ രാപകല്‍ അശ്രാന്ത പരിശ്രമം നടത്തുകയാണ്. ദിവസവും നിരവധി ജീവനക്കാരെ ക്വാറന്റൈന് ചെയ്യേണ്ടിവരുന്നുണ്ട്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പരമാവധി സജ്ജീകരണം വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര, ആഭ്യന്തര അറൈവല്‍ ഭാഗത്താണ് നിലവില്‍ രോഗലക്ഷണ പരിശോധനയുള്ളത്. 30 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 60 പേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് പരിശോധന നടത്തുന്നത്. രോഗലക്ഷണമുള്ളവരെ മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ അണുവിമുക്തമാക്കിയ 10 ആംബുലന്‍സുകള്‍ 24 മണിക്കൂറും സജ്ജമാക്കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് മാര്‍ച്ച് മൂന്ന് മുതല്ക്കാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ യൂണിവേഴ്സല്‍ സ്ക്രീനിങ് (എല്ലാ രാജ്യാന്തര ആഗമന യാത്രക്കാര്‍ക്കും) ഏര്‍പ്പെടുത്തിയത്. അതിനു മുന്‍പ് ചൈന, ഹോങ്കോങ്, സിംഗപ്പുര്‍, തായ്ലന്ഡ്, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമായിരുന്നു സമ്ബൂര്‍ണ സ്ക്രീനിങ്. അതേസമയം, ഇറാന്, ഇറ്റലി തുടങ്ങിയ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വമേധയാ ഇക്കാര്യം ഹെല്‍ത്ത് കൗണ്ടറില്‍ അറിയിക്കണം എന്നായിരുന്നു നിര്‍ദേശം.
ഈ രാജ്യങ്ങളില്‍ നിന്ന് കൊച്ചിയിലേക്കു നേരിട്ട് വിമാന സര്‍വീസ് ഇല്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ യാത്രക്കാര്‍ തന്നെ മുന്‍കയ്യെടുക്കണം. ഇതു സംബന്ധിച്ച് ആവര്‍ത്തിച്ചുള്ള അറിയിപ്പുകള് വിമാനത്തില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, ആഗമന മേഖലയില്‍ നിരവധി സ്ക്രീനുകളിലും ബോര്‍ഡുകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സിയാല്‍ അറിയിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ ആത്മവീര്യം ചോരാതെ നോക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും സിയാല്‍ കുറിപ്പില്‍ പറയുന്നു.