ന്യൂഡല്‍ഹി: കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ അടക്കമുള്ളവരെ മോചിപ്പിക്കണമെന്ന് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രിമാരായ മൂന്നുപേരുടെയും മുന്‍കാലങ്ങളിലെ പ്രവര്‍ത്തനം ഇവര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്നും രാജ്യതാത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള മോദി സര്‍ക്കാരിന്റെ അവകാശവാദത്തെ സാധൂകരിക്കുന്നതല്ലെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അനിശ്ചിത കാലത്തേക്ക് വീട്ടുതടങ്കലിലാക്കുന്നത് അവരുടെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്. കശ്മീരിലെ ആയിരക്കണക്കിനു സാധാരണ ജനങ്ങള്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളും മാന്യതയ്ക്കും നേരെയുള്ള കടന്നുകയറ്റത്തിന്റെ തെളിവാണിത്. കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്നും തെളിയിക്കുന്നതാണ് മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ളവരെ വീട്ടുതടങ്കലിലാക്കിയിട്ടുള്ള നടപടിയെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.