തിരുവനന്തപുരം: സാമ്പത്തികമായി നട്ടം തിരിയുന്ന ജനങ്ങളുടെ തലയിൽ 1103 കോടി രൂപയുടെ അധിക ബാധ്യത കെട്ടിവയ്ക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്കിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ ഷോക്കടിപ്പിച്ചിരിക്കുകയാണ് ധനമന്ത്രിയെന്നും ഇത് താങ്ങാനുള്ള കരുത്ത് കേരളത്തില്ലെന്നും ചെന്നിത്തല ബജറ്റിന് ശേഷം വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഭൂമിയുടെ ന്യായ വില 10 ശതമാനം വർധിപ്പിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയുടെ ആക്കം കൂട്ടുമെന്നാണ് ചെന്നിത്തലയുടെ ആക്ഷേപം. സാമ്പത്തിക മാന്ദ്യം കാരണം റിയൽ എസ്റ്റേറ്റ് മേഖല ആകെ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ വരുന്ന ഈ പ്രഖ്യാപനം. റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ചയുടെ ആക്കം കൂട്ടുമെന്നാണ് ചെന്നിത്തല പറയുന്നത്. പോക്ക് വരവ് നികുതിയും റവന്യു സേവനങ്ങൾക്കുള്ള നികുതിയും കൂട്ടിയതിനെയും പ്രതിപക്ഷ നേതാവ് നിശതമായി വിമർശിച്ചു.
ഈ ബജറ്റിലെ പല പ്രഖ്യാപനങ്ങളും മുൻ വർഷങ്ങളിലെ ആവർത്തനം മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു. ഇടുക്കി, കുട്ടനാട്, വയനാട് പാക്കേജുകൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നുവെന്നും. എന്നാൽ ഇതിൽ നിന്ന് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. വയനാടൻ കാപ്പി ബ്രാൻഡും കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചതാണെന്നും ആ കാപ്പി കുടിക്കാൻ കേരളത്തിലാർക്കും ഭാഗ്യമുണ്ടായിട്ടില്ലെന്നും ചെന്നിത്തല പരിഹസിച്ചു.
തെക്ക് വടക്ക് ജലപാത അച്യുതാനന്ദന്റെ കാലം മുതൽ പ്രഖ്യാപിക്കുന്നതാണെന്നും ആ പ്രഖ്യാനം ഇത്തവണയും ആവർത്തിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പണം ഇത് വരെ കൊടുത്തിട്ടില്ലെന്ന് ആരോപിച്ച ചെന്നിത്തല ഈ ബജറ്റിലെ പ്രഖ്യാപനവും ജലരേഖയായി അവശേഷിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബജറ്റിലെ കണക്കുകൾക്ക് വിശ്വാസ്യത ഇല്ലെന്ന് പറഞ്ഞ ചെന്നിത്തല നികുതി പിരിക്കാൻ കഴിയാത്ത സർക്കാർ ഭാരം പാവപ്പെട്ടവന്റെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും, ഇത് ജനവിരുദ്ധ ജനദ്രേഹ ബജറ്റാണെന്നും ആരോപിച്ചു. കേന്ദ്ര ബജറ്റിൽ നിർമ്മല സീതാരമൻ നടത്തിയതിന് സമാനമായ വാചക കസർത്ത് മാത്രമായിരുന്നു ഐസക്കിന്റേതെന്ന് ചെന്നിത്തല ആക്ഷേപിച്ചു.