ഇന്‍ഡോര്‍: റെ അതിര്‍ത്തികള്‍ കടന്ന് അവര്‍ പ്രണയിച്ചു. വീട്ടുകാരുടേയും ബന്ധുക്കളുടേയുമൊക്കെ ആശീര്‍വാദത്തോടെ വിവാഹ നിശ്ചയവും കഴിഞ്ഞു. വരന്റെ നാടായ ഇന്ത്യയില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനവുമായി. പക്ഷേ അപ്പോഴേക്കും വില്ലനായി കോറോണ എത്തി. എന്തായാലും അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ വിവാഹം മംഗളകരമായി നടന്നു. മധ്യപ്രദേശുകാരന് സത്യനാഥ് മിശ്രയും ചൈനീസ് യുവതി സിഹിയോ വാംഗും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം വരന്റെ ജന്മദേശമായ മന്‍സോറില്‍ നടന്നു.
മധ്യപ്രദേശ് ആരോഗ്യ വകുപ്പിന്റെ കര്‍ശന നീരീക്ഷണത്തിലും മേല്‍നോട്ടത്തിലുമാണ് വിവാഹം നടന്നത്. മന്‍സോര്‍ ജില്ലാ ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചൈനയില്‍ നിന്നു വന്ന വധു അടക്കം എല്ലാവരേയും വൈദ്യപരിശോധനകള്‍ക്ക് വിധേയരാക്കി. ചൈനയില്‍ നിന്നു വന്നവര്‍ക്കാര്‍ക്കും നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കാനഡയിലെ പഠനത്തിനിടയിലാണ് സത്യനാഥ് മിശ്രയും സിഹാവോയും തമ്മില്‍ പ്രണയത്തിലായത്. പഠനം പൂര്‍ത്തിയാക്കിയതിനുശേഷമായിരുന്നു വിവാഹം. സിഹാവോയുടെ അച്ഛന് ഷിബോ വാംഗ്, അമ്മ ഷിന് ഗുവാന്‍ എന്നിവരും വിവാഹത്തിനെത്തിയിരുന്നു.