ആലപ്പുഴ: വെള്ളാപ്പള്ളി കുടുംബത്തിനെതിരെ നിർണ്ണായക നീക്കവുമായി സുഭാഷ് വാസു. വെള്ളാപ്പള്ളിയുടെ മുഖ്യശത്രു ഗോകുലം ഗോപാലനുമായി സുഭാഷ് വാസു കൈകോർത്തു. കായംകുളത്തെ വെളളാപ്പളളി നടേശൻ കോളേജ് ഓഫ് എഞ്ചിനീയറിങിന്റെ പേര് മാറ്റി മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാക്കി. കോളേജ് ഉൾപ്പെടുന്ന ഗുരുദേവ ട്രസ്റ്റിൽ നിന്നും തുഷാർ വെള്ളാപ്പള്ളിയെ പുറത്താക്കി പകരം പുതിയ ചെയർമാനായി ഗോകുലം ഗോപാലൻ സ്ഥാനമേറ്റു.
ഗോകുലം ഗോപാലന്റെ വരവ് മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണ് സുഭാഷ് വാസു പങ്കുവച്ചത്. കോളേജിന്റെ മറവിൽ വ്യാജ ഒപ്പിട്ട് വായ്പ എടുത്തെന്ന തുഷാറിന്റെ ആരോപണം സുഭാഷ് വാസു തളള്ളി. കോളേജ് ഉൾപ്പെടുന്ന ഗുരുദേവ ട്രസ്റ്റന്റ ഭരണം അഡ്മിനിസ്ട്രേറ്ററെ ഏൽപ്പിക്കണമെന്ന തുഷാർ വെളളാപ്പള്ളി സംഘത്തിന്റെ ഹർജി ആലപ്പുഴ കോടതിയിൽ നിലനിൽക്കെയാണ് ഗോകുലം ഗോപാലൻ കോളേജ് ഏറ്റെടുത്തത്.
വെള്ളാപ്പള്ളി കുടുംബത്തിനെതിരെ പോരാടിയവരിൽ ശക്തനായ ഗോകുലം ഗോപാലനെ കൂട്ട് പിടിച്ച് സുഭാഷ് വാസു വിമത നീക്കം കൂടുതൽ ശക്തമാക്കുകയാണ്. തന്റെ പേര് അഭിമാനമായി കൊണ്ടു നടക്കുന്ന വെള്ളാപ്പള്ളിക്ക് ക്ഷീണമുണ്ടാക്കി, കായംകുളത്തെ വെളളാപ്പളളി നടേശൻ എഞ്ചിനീയറിങ് കോളേജിന്റെ പേര് മാറ്റി മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാക്കി. സാമ്പത്തിക ക്രമക്കേടുകളക്കം ഉയർന്ന കോളേജിന്റെ ഭൂരിഭാഗം ഓഹരിയും വാങ്ങിയാണ് ഗോകുലം ഗോപാലൻ ചെയർമാനായത്. ശ്രീനാരായണീയർ മുഴുവൻ ഒരുമിച്ച് എസ്.എൻ.ഡി പി യെ അപകടത്തിൽ നിന്ന് രക്ഷിക്കണമെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.