മംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധം തുടരുന്നതിനിടെ, കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഇന്ന് മംഗളൂരുവിലെത്തും. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയും യെദിയൂരപ്പക്കൊപ്പമുണ്ടാകും. സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരത്തിൽ കര്‍ഫ്യൂ തുടരുകയാണ്. തിരിച്ചറിയൽ കാർഡുമായി എത്തുന്നവർക്ക് മാത്രമാണ് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. അതേസമയം, ദക്ഷിണ കന്നട ജില്ലയിൽ ഇന്റർനെറ്റ് നിരോധനം ഇന്നും തുടരും. ചിക്മംഗളൂരു, ഹാസൻ ജില്ലകളിലെ ചില മേഖലകളിലും ഇന്റർനെറ്റ് നിരോധനമുണ്ട്. അതിനിടെ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ മുൻ മന്ത്രിയും കോൺഗ്രസ് എം എൽ എയുമായ യു ടി ഖാദറിന് എതിരെ പൊലീസ് കേസെടുത്തു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയാൽ കർണാടകം കത്തുമെന്നായിരുന്നു ഡിസംബർ 17ന് ഖാദറിന്റെ പ്രസംഗം. ഇതാണ് കഴിഞ്ഞ ദിവസം സംഘർഷത്തിലേക്ക് നയിച്ചതെന്ന യുവമോർച്ച നേതാവിന്റെ പരാതിയിലാണ് കേസ്.