മൂവാറ്റുപുഴ: ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായി പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വെള്ളിയാഴ്ച വൈകിട്ട് നാലിന് മൂവാറ്റുപുഴയിലും പെരുമ്പാവൂരും എല്ലാ മഹല്ല് ജമാഅത്ത് കമ്മിറ്റികളുടെയും വിവിധ മത സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ റാലികള്‍ നടക്കും.
മൂവാറ്റുപുഴയില്‍ സെന്‍ട്രല്‍ മഹല്ല് ജമാഅത്ത് ഹാളില്‍ പ്രസിഡന്റ് കെ.കെ. ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക് മഹല്‍ ഏകോപന സമിതി യോഗം ചീഫ് ഇമാം ഷിഹാബുദ്ദീന് ഫൈസി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന നേതാക്കളായ എം.ബി. അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുല്‍ ഹമീദ് അന്‍വരി, മുഹമ്മദ് തൗഫീഖ് മൗലവി, കമറുദ്ദീന് കാമില്‍ സഖാഫി, ഷംസുദ്ദീന് ഫാറൂഖി, എം.എം.നാസ്സര്‍ മൗലവി, വി.എച്ച്. മുഹമ്മദ് മൗലവി, കെ.എം. അബദുല്മജീദ്, പി.വി.എം സലാം എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലിന് കെ.എസ്.ആര്.ടി.സി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ റാലി കച്ചേരിത്താഴം, നെഹ്രുപാര്‍ക്ക് വഴി എവറസ്റ്റ് ജംഗ്ഷനില്‍ സമാപിക്കും. പൊതുസമ്മേളനത്തില്‍ എം.പി, എം.എല്‍.എ, വിവിധ മത-സാമൂഹിക-സാംസ്കാരിക നേതാക്കള്‍ പ്രസംഗിക്കും. മതപണ്ഡിതന്മാര് രക്ഷാധികാരികളും, താലൂക്കിലെ എല്ലാ ജമാഅത്ത് ഭാരവാഹികളും ഉള്‍കൊള്ളുന്ന മഹല്‍ ഏകോപന സമിതിയെ യോഗം തെരഞ്ഞെടുത്തു. പി.എം.അമീറലി (ചെയര്‍മാനും) കെ.എം.അബ്ദുല്‍മജീദ് (കണ്‍വീനറും) സൈത്കുഞ്ഞ് പുതുശ്ശേരി (ട്രഷറര്‍) തുടങ്ങിയവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.
കുന്നത്തുനാട് താലൂക്ക് സംയുക്ത വേദിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂരില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധറാലിയില്‍ ലക്ഷകണക്കിന് പേര് അണി നിരക്കും. വെളളിയാഴ്ച വൈകീട്ട് 4ന് പെരുമ്പാവൂര്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരത്തുനിന്നും ആരംഭിക്കും. നഗരം ചുറ്റുന്ന പ്രതിഷേധറാലി തുടര്‍ന്ന് നഗരസഭ സുഭാഷ് മൈതാനിയിലാണ് അവസാനിക്കുക. തുടര്‍ന്നാണ് പൊതുസമ്മേളനം നടക്കുന്നത്. മുന്‍ മന്ത്രി റ്റി.എച്ച് മുസ്തഫയുടെ നേതൃത്വത്തില്‍ കുന്നത്തുനാട് താലൂക്കിലെയും പരിസര പ്രദേശങ്ങളിലേയും മഹല്ലുകളുടേയും മത-രാഷ്ടീയ സാമൂഹിക സംഘടനകളുടേയും കൂട്ടായ്മയിലാണ് റാലിയും സമ്മേളനവും നടത്തുന്നത്. പെരുമ്പാവൂര്‍ പട്ടണത്തില്‍ തിങ്ങി നിറയുന്ന പ്രതിഷേധറാലിയില്‍ എത്തുന്നവര്‍ എ എം റോഡ്, എം സി റോഡ് എന്നിവയിലൂടെ കിലോമീറ്ററുകള്‍ നീളുമെന്നാണ് കരുതുന്നത്.