ചെന്നൈ: മദ്രാസ് ഐഐടി ഡയറക്ടർ ഭാസ്കർ രാമമൂർത്തിക്ക് ഭീഷണി കത്ത്. മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് എതിരെ നടപടി ഉണ്ടായില്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്നാണ് കത്ത്. നടപടി ഉണ്ടായില്ലെങ്കിൽ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെ ആത്മഹത്യ ചെയ്ത നിലയിൽ കാണേണ്ടി വരുമെന്നാണ് ഭീഷണി. ഇംഗ്ലീഷിലാണ് കത്ത്. ഡയറക്ടർ കോട്ടൂർപുരം പൊലീസിൽ പരാതി നൽകി.
ഫാത്തിമയുടെ മരണത്തില്‍ പൊലീസിനും ഐഐടി അധികൃതര്‍ക്കുമെതിരെ കൂടുതൽ ആരോപണവുമായി പിതാവ് ലത്തീഫ് നേരത്തെ രംഗത്തെത്തിയിരുന്നു. ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും തൂങ്ങിമരിച്ചെന്ന് പറയുന്ന കയറിൽ കുരുക്കില്ലായിരുന്നുവെന്നും പിതാവ് ലത്തീഫ് പറഞ്ഞു.