ചുവടുകള്‍ തെറ്റിക്കാതെ, നന്നായി ചിരിച്ചു ഉഷാറോടെ കളിച്ചാല്‍ മാത്രം പോരാ പാട്ടിലും പ്രത്യേക ശ്രദ്ധ വേണം. ചായല്‍ മുറുക്കം, കമ്പി, വാലുമ്മേല്‍ കമ്പി എന്നിങ്ങനെയുള്ള നിയമങ്ങളുണ്ട് ഒപ്പന പാട്ടിന്: സവിത
മുവാറ്റുപുഴ: അയ്യായിരത്തോളം ശിഷ്യര്ക്കുമപ്പുറം ഒപ്പനയുടെ സ്വന്തം സുല്‍ത്താനയാണ് സവിത. ഏതു കലോത്സവത്തിലും സവിത ടീച്ചര്‍ ഒരുക്കിയ ഒരു ഒപ്പന ടീമെങ്കിലും മത്സരത്തിന് ഉണ്ടാകും. ഒപ്പം സ്റ്റേജിനു മുന്നില്‍ കാണികളുടെ ഒപ്പന മത്സരം തീരും വരെ സവിത ടീച്ചറും. ഇത്തവണയും സവിത ടീച്ചറുടെ കുട്ടികള്‍ ഒപ്പനക്ക് എത്തിയിട്ടുണ്ട്. നീണ്ട 16 വര്‍ഷങ്ങളുടെ ഒപ്പന കഥകള്‍ പറയാനുണ്ട് സവിത ടീച്ചര്‍ക്ക്. രണ്ടായിരത്തിലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സവിതയുമടങ്ങുന്ന ഒപ്പന ടീമിനായിരുന്നു ഒന്നാം സ്ഥാനം. ഉമ്മയുടെ ആങ്ങളയും ഗുരുവുമായ നസീറിന്റെ ശിക്ഷണത്തില്‍ ഒപ്പന പഠിച്ച സവിത പതിനെട്ടാം വയസ്സ് മുതല്‍ സ്വന്തമായി ഒപ്പന പഠിപ്പിക്കുവാനും തുടങ്ങി.തൃശൂര്‍ എറണാകുളം പാലക്കാട് ഇടുക്കി കോട്ടയം തിരുവനന്തപുരം എന്നീ ജില്ലകളിലെ പല സ്കൂളുകളിലും ഒപ്പന പഠിപ്പിക്കുന്നുണ്ട്.കൊടുങ്ങല്ലൂര്‍ സ്വദേശിയായ സവിത ടീച്ചറുടെ ശിഷ്യകള്‍ അയ്യായിരത്തോളം വരും. കഴിഞ്ഞ 8 വര്‍ഷവും ഒന്നാം സ്ഥാനം ലഭിച്ചിരുന്നത് ടീച്ചറുടെ ശിഷ്യരായ തൃപ്രയാര്‍ ലെമര്‍ പബ്ലിക് സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം ഒപ്പന ടീമിനായിരുന്നു. ഇപ്രാവശ്യത്തെ ഒപ്പനകളില്‍ വളരെ കുറച്ചു ടീമുകള്‍ മാത്രമേ മികച്ച നിലവാരം പുലര്‍ത്തിയിട്ടുള്ളൂ എന്നാണ് സവിത ടീച്ചറുടെ അഭിപ്രായം. ചുവടുകള്‍ തെറ്റിക്കാതെ, നന്നായി ചിരിച്ചു ഉഷാറോടെ കളിച്ചാല്‍ മാത്രം പോരാ പാട്ടിലും പ്രത്യേക ശ്രദ്ധ വേണം. ചായല്‍ മുറുക്കം,കമ്പി , വാലുമ്മേല്‍ കമ്പി എന്നിങ്ങനെയുള്ള നിയമങ്ങളുണ്ട് ഒപ്പന പാട്ടിന്. ഇതെല്ലാം വിധിനിര്‍ണയത്തിന് വളരെ പ്രാധന്യമുള്ളതാണ്. പരമ്പരാഗതമായി ഒപ്പന പരിശീലിപ്പിക്കുന്ന രണ്ടു വനിതകളെ കേരളത്തിലുള്ളു, കൊടുങ്ങല്ലൂര്‍ സവിതയും, കോഴിക്കോട് മുനീറയും. സവിത ഒപ്പന മാത്രമല്ല തിരുവാതിരയും പഠിപ്പിക്കുന്നുണ്ട്. കലയുമായി ബന്ധപ്പെട്ട വസ്ത്രങ്ങളും സാധനസമഗ്രഹികളും വാടകയ്ക്ക് കൊടുക്കുന്ന ബിസിനസാണ് ഭര്‍ത്താവ് നൂറുദ്ദീന്‍. ആയിഷയും ആഷ്മിനുമാണ് മക്കള്‍.