തിരുവനന്തപുരം: പാല്‍ക്കുളങ്ങരയിലെ ക്ലബില്‍ ഗര്‍ഭിണിപ്പൂച്ചയെ കെട്ടിത്തൂക്കി കൊന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ കുരുക്കില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച അര്‍ധരാത്രിക്കും ഞായറാഴ്ച പുലര്‍ച്ചക്കും ഇടയിലാണ് മരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷം കൊടുത്ത് കൊന്നശേഷമാണോ കെട്ടിത്തൂക്കിയതെന്ന് അറിയുന്നതിന് പൂച്ചയുടെ ആന്തരികാവയവങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പാല്‍ക്കുളങ്ങരയിലെ ക്ലബ് കെട്ടിടത്തില്‍ പൂച്ചയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തിയത്.
മൃഗാവകാശപ്രവര്‍ത്തകരുടെ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിരുന്നു. ക്ലബ് ഭാരവാഹികളുടെയും പരിസരവാസികളുടെയും മൊഴി രേഖപ്പെടുത്തി. സംഭവദിവസം സ്ഥലത്തില്ലായിരുന്നെന്ന മറുപടിയാണ് ക്ലബ് ഭാരവാഹികള്‍ നല്‍കിയത്. പരാതിയില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.