ന്യൂഡല്‍ഹി: കേരളം കാത്തിരുന്ന ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. പ്രായവ്യത്യാസമില്ലാതെ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബറില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരായുള്ള അമ്ബതിലേറെ ഹര്‍ജികള്‍ പരിഗണിച്ചാണ് വിധി. അഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ കേസ് ഏഴംഗ ബെഞ്ചിന് വിടണമെന്ന് പറയുകയായിരുന്നു. എന്നാല്‍, നേരത്തെയുള്ള സുപ്രീം കോടതിയുടെ യുവതീപ്രവേശന വിധിക്ക് സ്റ്റേ ഇല്ല എന്നും കോടതി വ്യക്തമാക്കി.
ഏകകണ്ഠമായ വിധിയല്ല സുപ്രീം കോടതി ശബരിമല വിഷയത്തില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ജ.രഞ്ജന്‍ ഗൊഗോയ്, ജ.ഇന്ദു മല്‍ഹോത്ര, ജ.ഖാന്‍വില്‍ക്കര്‍ എന്നിവര്‍ വിഷയം ഉയര്‍ന്ന ബെഞ്ചിന് വിടണമെന്ന ഭൂരിപക്ഷ വിധി പുറപ്പെടുവിക്കുകയായിരുന്നു. ജ.ചന്ദ്രചൂഢും, ജ. നരിമാനും റിവ്യൂ ഹര്‍ജികള്‍ തള്ളണമെന്ന് വാദിച്ചു.
മതവിശ്വാസത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മൗലികാവകാശം ഉയര്‍ത്തി പറഞ്ഞ് പുന:പരിശോധനാ ഹര്‍ജികള്‍ തള്ളണമെന്ന് ജ.നരിമാന് വാദിച്ചു. ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്ന് ജ.നരിമാന് പറഞ്ഞു. ജ.ചന്ദ്രചൂഢ് ജ.നരിമാനോട് യോജിക്കുകയായിരുന്നു.