മുളന്തുരുത്തി: ജനകീയ പങ്കാളിത്തത്തോടെ പ്ലാസ്റ്റിക്ക് രഹിത പഞ്ചായത്തെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്. ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ ഏര്‍പ്പെടുത്തിയ പ്ലാസ്റ്റിക്ക് നിരോധനം കാര്യക്ഷമമായി നടപ്പിലാക്കാന്‍ വിപുലമായ ബോധവത്ക്കരണ പരിപാടികളും കര്‍മ്മ പദ്ധതികളും ഊര്‍ജ്ജിതമാക്കി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് എല്ലാ ഭവനങ്ങളിലും തുണി സഞ്ചി എത്തിക്കും. ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള തുണിസഞ്ചികളുടെ നിര്‍മ്മാണത്തിന് സയന്‍സ് സെന്ററില്‍ തുടക്കമായി. പഞ്ചായത്തിലേക്ക് ആവശ്യമായ തുണിസഞ്ചികള്‍ പഞ്ചായത്തില്‍ തന്നെ നിര്‍മ്മിക്കാനാണ് ഭരണസമിതിയുടെ തീരുമാനം. ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് വിപത്തിനെ ആസ്പദമാക്കി ചാക്യാര്‍ക്കൂത്ത് അരങ്ങേറി.
കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ലഭിക്കുകയില്ല. ഇത്തരം കവറുകളില്‍ വ്യാപാരികള്‍ സാധനങ്ങള്‍ നല്കുകയുമില്ല. പഞ്ചായത്ത് പരിധിയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഹരിതപെരുമാറ്റ ചട്ടങ്ങള്‍ ബാധകമാണ്. ഇവ ലംഘിച്ചാല്‍ 5000 രൂപ പിഴ നല്‍കേണ്ടിവരും. തുണി സഞ്ചി നിര്‍മ്മാണത്തിന്റെ മൂന്നാം ഘട്ട പരിശീലനം സയന്‍സ് സെന്ററില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യന് ഉദ്ഘാടനം ചെയ്തു. സയന്‍സ് സെന്റര്‍ സ്ക്യൂട്ടീവ് ഡയറക്ടര്‍ പി. എ തങ്കച്ചന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവന്, വെജിറ്റബിള്‍ ക്ലസ്റ്റര്‍ പ്രസിഡന്റ് കെ.കെ.ജോര്‍ജ്, വ്യാപാരി വ്യവസായി ഏകോപന സമിതി ടൗണ്‍ പ്രസിഡന്റ് ബാബു കലാപ്പിള്ളില്‍, മുളന്തുരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡണ്ട് കെ.സി.ജോഷി, സയന്‍സ് സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ കെ. കെ ശ്രീധരന്, ദീപ്തിമോള്‍ ടി. പി എന്നിവര്‍ പ്രസംഗിച്ചു.