കൊച്ചി: കോതമംഗലത്ത് കുട്ടികളുടെ കൈവിരലിൽ മുറിവുണ്ടാക്കി യാക്കോബായ വിഭാഗം പ്രതിഷേധം നടത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സമാധാനപരമായി പ്രതിഷേധക്കാൻ കുട്ടികൾക്ക് അവകാശമുണ്ടെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇതിന്റെ പേരിൽ ചോര ചിന്തുന്നത് ശരിയല്ലെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. 18 വയസിൽ താഴെയുള്ള കുട്ടികളെക്കൊണ്ടാണ് ഇത്തരം സമര നടപടികൾ നടത്തിച്ചതെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് കമ്മീഷന്റെ അറിയിപ്പ്.
സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കളക്ടർ, ശിശുക്ഷേമ ഓഫീസർ എന്നിവരോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. യാക്കോബായ വിശ്വാസികളുടെ പള്ളികൾ ഓർത്തഡോക്സ് വിഭാഗം കൈയ്യേറുന്നുവെന്നാരോപിച്ചായിരുന്നു കോതമംഗലത്ത് യാക്കോബായ വിഭാഗത്തിന്റെ കുട്ടികളെ മുൻനിർത്തിയുള്ള പ്രതിഷേധ പരിപാടി. കുട്ടികളുടെ കൈവിരലിൽ മുറിവുണ്ടാക്കി കടലാസിൽ രക്തംകൊണ്ടെഴുതിയായിരുന്നു പ്രതിഷേധം.
പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്ന ഉത്തരവ് നടപ്പാക്കുമ്പോൾ മാനുഷിക പരിഗണന ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കുട്ടിക്കൂട്ടമെന്ന പേരിൽ യാക്കോബായ വിഭാഗം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. അഖില മലങ്കര സഭാ സണ്ടേ സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ യാക്കോബായ സഭക്കു കീഴിലെ എഴുന്നൂറോളം സണ്ടേ സ്കൂളുകളിൽ നിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ചിരുന്നു.