മസ്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ‘ക്യാർ’ ചുഴലിക്കാറ്റ് ഒമാൻ തീരത്ത് നിന്നും 1350 കിലോമീറ്റർ അകലെ എത്തി നിൽക്കുന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ തീവ്രത കാറ്റഗറി 5 ലേക്ക് ഉയർന്നിട്ടുണ്ട്. അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചിരിക്കുകയാണ്.
കാറ്റിന് മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ ഉപരിതല വേഗത ഉള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. തീവ്ര ചുഴലിക്കാറ്റായി മാറുന്ന ‘ക്യാർ’ അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ ഒമാന്റെ തെക്കൻ ഭാഗത്തും തുടർന്ന് യമൻ തീരത്തും ആഞ്ഞടിക്കുവാൻ സാധ്യത ഉണ്ട്.
അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും, ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. പന്ത്രണ്ടു വർഷത്തിന് ശേഷം അറബിക്കടലിൽ രൂപപെടുന്ന അതി തീവ്രത കൂടിയ ചുഴലിക്കാറ്റാണ് ക്യാർ.