ദില്ലി: ഹൃദയ ശസ്ത്രക്രിയക്കായി പാക് പെൺകുട്ടിക്കും കുടുംബത്തിനും ഇന്ത്യയിലേക്ക് വരാൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോട് ഈ വിഷയത്തിൽ പ്രത്യേക താത്പര്യത്തോടെ സമ്മർദ്ദം ചെലുത്തിയിരുന്നു.
പാക്കിസ്ഥാൻ സ്വദേശിനിയായ ഒമൈമ അലി എന്ന ബാലികയ്ക്ക് ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കുന്നതിന് വിസ തടസം ഉണ്ടായിരുന്നു. ഇത് നീക്കാനാണ് ഗംഭീർ ഇടപെട്ടത്. ഗംഭീറിന്റെ ആവശ്യത്തിൽ നടപടി സ്വീകരിച്ച കേന്ദ്രമന്ത്രി ഇസ്ലാമാബാദിലെ ഇന്ത്യൻ അംബാസഡർക്ക് അയച്ച കത്തിൽ പെൺകുട്ടിക്കും കുടുംബത്തിനും വിസ നൽകാൻ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ കത്തിന്റെ പകർപ്പ് ഗംഭീർ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
ഒരു മകൾ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുന്നത് പോലെയാണ് ഇത് തോന്നിപ്പിക്കുന്നതെന്നാണ് ഗംഭീർ ചിത്രത്തോടൊപ്പം ഹിന്ദിയിൽ കുറിച്ചത്. പാക്കിസ്ഥാനിൽ നിന്ന് പലപ്പോഴായി നിരവധി പേർ ഇന്ത്യയിൽ വിദഗ്ദ്ധ ചികിത്സ നേടിയിട്ടുണ്ട്. അവർക്ക് വിദേശകാര്യ മന്ത്രാലയം വിസയും അനുവദിച്ചിരുന്നു.