കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ജോളി അടക്കം മൂന്നുപ്രതികളെ താമരശേരി കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ കൊലപാതകത്തില്‍ എം.എസ് മാത്യുവിനെ അറസ്റ്റ് ചെയ്യുന്നതിനായി നാളെ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും.
കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെയാണ് വൈകിട്ട് നാലിന് മൂന്നുപേരെയും ഹാജരാക്കിയത്. പൊലീസിനെക്കുറിച്ച് പരാതികളില്ലെന്ന് പ്രതികള്‍ ഇന്നും കോടതിയെ അറിയിച്ചു. പ്രതികളുമായി സംസാരിക്കാന്‍ കോടതി അനുമതി നല്കി. എന്നാല്‍ ജോളിയുമായി രഹസ്യമായി സംസാരിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. തുടര്‍ന്ന് സംസാരിക്കാതെ മടങ്ങിയ അഭിഭാഷകര്‍ നാളെ കോടതിയില്‍ പരാതി നൽകുമെന്ന് അറിയിച്ചു.