വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി, മാത്യു, പ്രജുകുമാർ എന്നിവരെ അന്വേഷണസംഘം ഇന്ന് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെത്തിച്ചായിരിക്കും ആദ്യം തെളിവെടുപ്പ് നടത്തുക. ജോളിയെ മാത്രമായിരിക്കും പൊന്നാമറ്റം തറവാട്ടിൽ എത്തിക്കുക എന്നാണ് സൂചന. കൊലപാതകത്തിന് പയോഗിച്ച പൊട്ടാസ്യം സയനൈഡ് വീട്ടിൽ നിന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മൂന്നാം പ്രതി പ്രജുകുമാർ പൊട്ടാസ്യം സയനൈഡ് രണ്ടാം പ്രതി മാത്യുവിന് കൈമാറിയ സ്വർണ്ണക്കടയിലും തെളിപെടുപ്പ് നടത്തിയേക്കും.
അതേസമയം കൂടത്തായിൽ ആറിൽ അഞ്ച് പേരെയും കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്നാണ് ജോളി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അഞ്ച് കൊലപാതകങ്ങൾ പൊട്ടാസ്യം സയനൈനഡ് ഉപയോഗിച്ചാണ് നടത്തിയതെന്നും ജോളി വ്യക്തമാക്കി. അന്നമ്മയെ കൊല്ലാൻ മറ്റൊരു വിഷമെന്ന് ഉപയോഗിച്ചതെന്ന് ജോളി വെളിപ്പെടുത്തിയതായാണ് വിവരം. മറ്റ് രണ്ട് പേരെ കൂടി കൊല്ലാൻ ലക്ഷ്യമിട്ടിരുന്നെന്നും ജോളി ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. എന്നാൽ ഇതാരൊക്കെയാണെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല.