നെട്ടൂര്‍: എല്‍ എല്‍ ബി വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്തു. എല്‍ എല്‍ ബി അവസാന വര്‍ഷ വിദ്യാര്‍ഥിനി നെട്ടൂര്‍ പെരിങ്ങാട്ട് ലെയ്നില്‍ വാടകയ്ക്ക് താമസിക്കുന്ന തേവര തിട്ടയില്‍ വീട്ടില്‍ വിനോദിന്റെയും പ്രീതിയുടെയും മകള്‍ ചന്ദന (24) മരിച്ച സംഭവത്തിലാണ് പ്രതിശ്രുത വരന് ഇടക്കൊച്ചി തെരേടത്ത് വീട്ടില്‍ ആന്റണിയുടെ മകന് പ്രിജിന് (29) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയോടെയാണ് ചന്ദനയെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പ്രിജിനെ പ്രേരണക്കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. ഓട്ടോ ഡ്രൈവറാണ് ചന്ദനയുടെ അച്ഛന്. വിവാഹം ഉറപ്പിച്ചതിനുശേഷം നല്കാവുന്നതില് കൂടുതല്‍ സ്ത്രീധനം പ്രിജിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതോടെ വിവാഹം മുടങ്ങി. ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലാണ് ചന്ദന ആത്മഹത്യ ചെയ്തത്.
ബന്ധുക്കളുടെ പരാതിയില്‍ പനങ്ങാട് പോലീസ് എസ് ഐ കെ ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രിജിന് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.