പോലീസിനോട് തങ്ങള്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ഗുണ്ടകള്‍. കുപ്രസിദ്ധ ഗുണ്ട മംഗല്‍പാണ്ഡെ എന്ന എബിന് പെരേരയും സുഹൃത്ത് നിയാസുമാണ് ബിരിയാണിക്കും ബീഫിനും വേണ്ടി പൊലീസ് സ്റ്റേഷനില്‍ നിരാഹാരം ഇരിക്കുന്നത്.ഉച്ചഭക്ഷണം ഇവര്‍ വേണ്ടെന്നുവെച്ചു. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയെ തുടര്‍ന്ന് ഇന്നലെ മുതല്‍ പൊലീസ് കസ്റ്റഡിയിലായ ഗുണ്ടകള്‍ക്ക് സാധാരണ പ്രതികള്‍ക്ക് നല്‍കാറുള്ള ആഹാരം പൊലീസ് ഏര്‍പ്പാടാക്കിയെങ്കിലും കഴിച്ചില്ല. ബിരിയാണി, പൊറോട്ട, ബീഫ് തുടങ്ങിയ വിഭവങ്ങളാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. പൊലീസിന്റെ പോക്കറ്റില്‍ നിന്ന് പണം മുടക്കേണ്ടതില്ലെന്നും തങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഭക്ഷണം എത്തിക്കുമെന്ന ഗുണ്ടകളുടെ നിലപാടും പൊലീസ് തള്ളി.
സുരക്ഷാ കാരണങ്ങളാലാണ് പുറത്ത് നിന്നുള്ള ഭക്ഷണം അനുവദിക്കാത്തതെന്ന് പൊലീസ് ഉറച്ച നിലപാട് സ്വീകരിച്ചതോടെ പ്രതികള്‍ നിരാഹാരം തുടരുകയാണ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലേക്ക് കിട്ടിയ പ്രതികള്‍ ഭക്ഷണം ഉപേക്ഷിക്കുന്നതിനെ കുറിച്ച് കോടതിക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഇരവിപുരം സി. ഐ പി. അജിത്ത് കുമാര്‍ പറഞ്ഞു.
ഇന്നലെ രാത്രി ഏഴരയോടെ വിലങ്ങണിയിച്ച് പ്രതികളെ തെളിവെടുപ്പിനായി പള്ളിമുക്ക് ജംഗ്ഷനില്‍ കൊണ്ടുവന്നപ്പോള്‍ വന്‍ ജനമാണ് തടിച്ചുകൂടിയത്. വെണ്ടര്‍മുക്കിലും പള്ളിമുക്കിലും ഏകദേശം അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. കടകളിലെ ഗുണ്ടാപ്പിരിവിനെ കുറിച്ച് തെളിവെടുത്തു. നഗരത്തിലെ ഒരു പ്രമുഖ മെന്‍സ് വെയര്‍ ഷോപ്പില്‍ ഗുണ്ടകള്‍ തുണിത്തരങ്ങള്‍ വാങ്ങിയ ഇനത്തില്‍ കൊടുക്കാനുള്ളത് 39,000 രൂപയാണ്. മംഗല്‍ പാണ്ഡെ 14,000 രൂപയും നിയാസ് 25,000 രൂപയുമാണ് അവിടെ കൊടുക്കാനുള്ളത്. തെളിവെടുപ്പിന്റെ ഭാഗമായി കടയിലെത്തിയ പൊലീസ് ഇരുവരുടെയും പറ്റ് പുസ്തകം പരിശോധിച്ചു. കടം വാങ്ങിയ തുണിത്തരങ്ങളുടെ ബില്ലും പരിശോധിച്ചു.
എന്തടിസ്ഥാനത്തിലാണ് ഇത്രയും തുകയുടെ സാധനങ്ങള്‍ കടം നല്‍കിയതെന്ന ചോദ്യത്തിന് ബലമായി തുണിത്തരങ്ങള്‍ എടുത്തുകൊണ്ട് പോകുമെന്നായിരുന്നു കടയുടമയുടെ മറുപടി. ബ്രാന്റഡ് കമ്പനികളുടെ ഇഷ്ട വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തു പാകമാണോയെന്ന് നോക്കിയ ശേഷം ട്രയല്‍ റൂമില്‍ പഴയ വസ്ത്രം ഉപേക്ഷിച്ചു പുതിയത് അണിഞ്ഞു പോകും. പ്രതികളുടെ ഒളിവ് ജീവിതത്തിനിടെ ഈ കട ഉടമ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തതിനും പൊലീസിന് തെളിവ് ലഭിച്ചു. വാട്സ് ആപ്പ് സന്ദേശമായാണ് പണം ആവശ്യപ്പെട്ടത്. പേടിച്ചാണ് പണം നല്‍കിയതെന്ന് വ്യാപാരി പറയുന്നു.
കുറ്റകൃത്യം നടന്ന മറ്റ് സ്ഥലങ്ങളില്‍ പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. സായുധ പൊലീസിന്റെ കനത്ത കാവലിലാണ് പ്രതികളെ ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നിരവധി കേസുകളുള്ള ഇവര്‍ക്കെതിരെ പൊലീസ് നടപടികള്‍ കടുപ്പിച്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയപ്പോള്‍ ഇരവിപുരം സി.ഐയെ വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഇരുവരും കഴിഞ്ഞ ദിവസം പാലക്കാട്ട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.