മൂവാറ്റുപുഴ: വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണ് എസ്.എസ്.എല്‍.സി വിജയത്തില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല സംസ്ഥാനത്ത് ഒന്നാം നേടുന്നതിന് കാരണമായതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴയില്‍ എസ്.എസ്.എല്‍.സി.പരീക്ഷ വിജയികളെയും, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും, അധ്യാപകരെയും അനുമോദിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വര്‍ഷം 100-ശതമാനം വിജയം കൈവരിക്കുകയാണ് ലക്ഷ്യമെന്നും, ഏഴ് വിദ്യാര്‍ത്ഥികളുടെ പരാജയമാണ് 100-ശതമാനം നഷ്ടമാകുന്നതിന് കാരണമായതെന്നും, സാങ്കേതികമായി പരാജയപ്പെട്ടങ്കിലും സേപരീക്ഷയില് ഇവര്‍ക്ക് വിജയിക്കുവാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു. മണ്ഡലത്തില്‍ നടപ്പിലാക്കുന്ന എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാജ്യോതി പദ്ധതിയില്‍ അടുത്ത അധ്യായന വര്‍ഷം വിവിധ പദ്ധതികള്‍ക്ക് രൂപം നല്കിയിട്ടുണ്ടന്നും എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ ഡി.ഇ.ഒ കെ.സാവിത്രിയ്ക്ക് എം.എല്‍.എ ഉപഹാരം നല്കി. അനുമോദന യോഗത്തില്‍ വിദ്യാജ്യോതി പദ്ധതി ചെയര്മാന് എന്‍.അരുണ്‍ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്, വൈസ് ചെയര്മാന് പി.കെ.ബാബുരാജ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള ഗിരീഷ് കുമാര്‍, ഡി.ഇ.ഒ. കെ.സാവിത്രി, സൂപ്രണ്ട്മാരായ ഡി.ഉല്ലാസ്, എം.ആര്.അനുരാജന്‍, വിദ്യാജ്യോതി പദ്ധതി കണ്‍വീനര്‍ ടി.കെ.വിജയകുമാര്‍, കോ.ഓര്‍ഡിനേറ്റര്‍ സി.ആര്.ജനാര്ദ്ദനന് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം കൈവിട്ട് പോയ വിജയം ഈവര്‍ഷം തിരിച്ച് പിടിച്ചതിന്റെ ആഹ്ളാദത്തിലാണ് ജനപ്രതിനിധികളും, അധ്യാപകരും വിദ്യാര്‍ത്ഥികളും.