ചങ്ങനാശേരി: പായിപ്പാട്ട് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സ്വന്തം മകന് നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി. മകന് മദ്യപിക്കാന്‍ പിതാവ് 100 രൂപ നല്‍കാത്തതാണ് കൊലപാതക കാരണം. പായിപ്പാട് കൊച്ചുപള്ളിയില്‍ 17ന് രാത്രിയിലാണു സംഭവം. വാഴപ്പറമ്പില്‍ തോമസ് വര്‍ക്കിയാണ് (കുഞ്ഞപ്പന്-76) മരിച്ചത്. മകന് അനിയാണ് അറസ്റ്റിലായത്.
കുഞ്ഞപ്പന്റെ ശരീരത്തില്‍ 30 മുറിവുകളുള്ളതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ഇതില്‍ 8 എണ്ണം ഗുരുതരമാണ്. കഴുത്തിലെ അസ്ഥികള്‍ ഒടിഞ്ഞു. ഇടതുവശത്തെ 2 വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. ഇത് ചവിട്ടിയതിനിടയില്‍ സംഭവിച്ചതാകാമെന്നു പൊലീസ് പറഞ്ഞു. വയറില്‍ ഉള്‍പ്പെടെ 3 ഭാഗത്ത് ചതവുകളും കണ്ടെത്തി. രാത്രി 11ന് മുന്‍പായി മരണം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭിത്തിയില്‍ നിന്ന് രക്തക്കറയും മുടിയുടെ അംശവും പരിശോധനയില്‍ കണ്ടെത്തി. തൃക്കൊടിത്താനം എസ്ഐ സാബു സണ്ണി, എഎസ്ഐമാരായ ശ്രീകുമാര്‍, സാബു, ക്ലീറ്റസ്, ഷാജിമോന്‍, സിപിഒ ബിജു എന്നിവരാണ് അന്വേഷണം നടത്തിയത്.