ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടേക്കും. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമാകും. എന്നാല്‍ ഒരേസമയത്ത് മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വ്വ പ്രതിഭാസമാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ആദ്യ ന്യൂനമര്‍ദ്ദം ദക്ഷിണേന്ത്യക്ക് മീതേയാണ്. ഇതിനുള്ളില്‍ തന്നെ രണ്ട് മഴ പ്രേരക ചുഴികളുണ്ട്. രണ്ടാമത്തേത് ഇന്ന് അറബിക്കടലില്‍ കൊങ്കണ്‍ തീരത്തായി രൂപപ്പെട്ട് വടക്കോട്ട് നീങ്ങും. 24 നാണ് മൂന്നാമത്തെ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുക. ഇത് കേരളത്തിലും കനത്ത മഴയ്ക്ക് കാരണമാകും.
രാജ്യത്തിന്റെ മധ്യഭാഗത്ത് നിന്നും മഴ പിന്‍വാങ്ങണമെങ്കില്‍ ഒക്ടോബര്‍ പകുതി കഴിയണമെന്നാണ് രാജ്യാന്തര ഏജന്‍സികളുടെ വിലയിരുത്തല്‍. ഇതോടെ കേരളത്തിലും തമിഴ്നാട്ടിലും തുലാമഴയ്ക്ക് തുടക്കമാകും. പ്രളയസാധ്യതയും തള്ളിക്കളയുന്നില്ല.
നിലവില്‍ സംസ്ഥാനത്ത് മഴ കുറഞ്ഞു നില്‍ക്കുകയാണ്. അതേസമയം പ്രളയം ദുരന്തംവിതച്ച സ്ഥലങ്ങളിലെ 2,27,333 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. 1551 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,548 കുടുംബങ്ങള്‍.