കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സമയപരിധി ഇന്നവസാനിക്കുമെന്നിരിക്കെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്നറിയിച്ച് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതിയില്‍ എത്തും. റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി രാവിലെ ചര്‍ച്ച നടത്തും. 23ന് കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഹാജരാക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. സര്‍ക്കാരിന് വേണ്ടി ഹാജരാകില്ലെന്ന് തുഷാര്‍ മേത്ത നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭ നല്കിയ ഉത്തരവ് ചോദ്യം ചെയ്ത് ഫ്ളാറ്റ് ഉടമ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹോളിഫെയ്ത്ത് ഫ്ളാറ്റിലെ താമസക്കാരനായ റിട്ട. സൈനികന് കെ കെ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്.