ആലപ്പുഴ: കുട്ടനാട്ടിലെ ബണ്ട് തകര്‍ന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിനെതിരേ പരോക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന് രംഗത്ത്. കുട്ടനാട്ടില്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ കടല്‍ മണ്ണിറക്കി ബണ്ട് കെട്ടിയതിനെതിരേയായിരുന്നു സ്വകാര്യചടങ്ങില്‍ മന്ത്രിയുടെ പ്രതികരണം.
”കുട്ടനാട് കൈനകരിയില്‍ ബണ്ട് തകര്‍ന്നതില്‍ ചിലര്‍ സന്തോഷിക്കുന്നുണ്ടെന്നാണ് പറയുന്നത്. എനിക്ക് സന്തോഷം ഇല്ല. കടല്‍ മണ്ണു കൊണ്ട് കുട്ടനാട്ടില്‍ ബണ്ട് കെട്ടിയാല്‍ നില്‍ക്കുമോ? എല്ലാം ഒലിച്ചു പോയില്ലേ. എത്രപണമാണ് സര്‍ക്കാരിന് നഷ്ടപ്പെട്ടത്. കടല്‍ മണ്ണ് ചെളിയുമായി കലര്‍ന്നാല്‍ കുട്ടനാട്ടിലെ കൃഷി നശിക്കും. പാടശേഖര സമിതിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ചെയ്തത്.” സുധാകരന് പറഞ്ഞു.
പാടശേഖരകമ്മിറ്റിക്കാരാണ് ഒന്നാമത്തെ പ്രതികള്‍. കൃഷിയിറക്കാതെ പാടശേഖരം വെറുതേയിടുകയാണിവര്‍. കുട്ടനാട്ടില്‍ 62 ശതമാനം സ്ഥലത്തും കൃഷി നടത്തുന്നില്ല. കൃഷിചെയ്യാതിരിക്കുന്ന പാടശേഖരങ്ങളില്‍ വെള്ളംനിറഞ്ഞ് ബണ്ടുപൊട്ടിയാലും സര്‍ക്കാര്‍ പണംമുടക്കി ബണ്ട് കെട്ടിക്കൊടുക്കയാണിവിടെയെന്നും മന്ത്രി സുധാകരന് പറഞ്ഞു.
മടവീഴ്ചയുണ്ടായ കൈനകരി കനകാശ്ശേരി പാടശേഖരത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നേരത്തേ മട കെട്ടിയിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചായിരുന്നു സുധാകരന്റെ പ്രസംഗം. മട കെട്ടുന്നതിന് തോട്ടപ്പള്ളിയില്‍ നിന്നുള്ള കടല്‍ മണ്ണാണ് ഉപയോഗിച്ചത്. അടുത്തിടെ ബണ്ട് ഒലിച്ചു പോയി. ബണ്ട് പൊട്ടിയപ്പോള്‍ മട പൊട്ടിയത് ചിലരില്‍ സന്തോഷം ഉണ്ടാക്കിയെന്ന് പറഞ്ഞ് മന്ത്രി തോമസ് ഐസക് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം.