ദില്ലി: മധ്യപ്രദേശ് കോൺഗ്രസിലെ പ്രതിസന്ധി തീർക്കാൻ ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ദില്ലി പത്തു ജൻപഥിലെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച്ച നടത്തുക.
പിസിസി അധ്യക്ഷനായി തന്നെ നിയമിക്കണം എന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ നിലപാടാണ് പ്രതിസന്ധിക്ക് കാരണം. ജ്യോതിരാദിത്യ സിന്ധ്യക്ക് സംസ്ഥാന അധ്യക്ഷപദവി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതോടെ പ്രശ്നങ്ങള്‍ക്ക് തുടക്കമായി. സിന്ധ്യയെ പിന്തുണച്ച് കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും ഫ്ളക്സുകളും പ്രത്യക്ഷപ്പെട്ടു. കമല്‍നാഥ് മന്ത്രിസഭയിലെ ചില അംഗങ്ങളും സിന്ധ്യക്ക് പിന്തുണയുമായി രംഗത്തിയിരുന്നു.
സിന്ധ്യയുടെ ആവശ്യത്തിൽ മുഖ്യമന്തി കമൽനാഥിനു കൂടി സ്വീകാര്യമായ പ്രതിവിധി തേടുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്യുക. സിന്ധ്യയും കമൽ നാഥിന്റെ നോമിനിയും അല്ലാതെ മൂന്നാമത് ഒരാൾ എന്ന സാധ്യത കൂടികാഴ്ചയിൽ സോണിയ ഗാന്ധി മുന്നോട്ട് വച്ചേക്കും. മുൻ മുഖ്യമന്ത്രി അർജുൻ സിംഗിന്റെ മകൻ അജയ് സിംഗിന്റെ പേരാണ് ഹൈക്കമാന്റിന്റെ പരിഗണനയിലുള്ളത്. ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ചക്ക് ശേഷം കമൽനാഥിനെയും സോണിയ ഗാന്ധി വിളിപ്പിച്ചിട്ടുണ്ട്.