ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണ് ചടങ്ങിനായി കഴിഞ്ഞ ഒരുവര്‍ഷം എത്തിയത് 1,13,697 കുരുന്നുകള്‍. കല്യാണമണ്ഡപത്തില്‍ 6,926 വിവാഹങ്ങള്‍ നടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ചോറൂണില്‍ നിന്ന് 1.02 കോടി രൂപയും വിവാഹങ്ങളില്‍ നിന്ന് 33.13 ലക്ഷം രൂപയുമാണ് ദേവസ്വത്തിന്റെ വരുമാനം.
ചോറൂണ് കൂടുതല്‍ നടന്നത് മേടത്തിലാണ്-12,086. കുറവ് കര്‍ക്കടകത്തില്‍-5729. വിവാഹങ്ങള്‍ കൂടുതല്‍ നടന്നത് മകരത്തിലാണ്-1085, കുറവ് കര്‍ക്കടകത്തിലും-63. 1194 ചിങ്ങം ഒന്നു മുതല്‍ കര്‍ക്കടകം 31 വരെയുള്ള (2018 ഓഗസ്റ്റ് 17 മുതല്‍ 2019 ഓഗസ്റ്റ് 16 വരെ) കണക്കാണിത്.
ക്ഷേത്രത്തില്‍ രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നട തുറന്നിരിക്കുമ്ബോള്‍ ചോറൂണ് നടത്താം. രാത്രി 8.15 മുതല്‍ 9വരെയും നടത്താം. വാവ്, ഏകാദശി ദിവസങ്ങളില്‍ രാത്രി ചോറൂണില്ല. 100 രൂപയാണ് നിരക്ക്. വിവാഹച്ചടങ്ങ് രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 1.30വരെയാണ് പതിവ്. അപൂര്‍വമായി രാത്രിയിലും ഉണ്ടാകും. വിവാഹത്തിന് 500 രൂപയും ഫൊട്ടോഗ്രഫിക്ക് 500 രൂപയും ഫീസുണ്ട്.