ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ പി.ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷയില്‍ സി.ബി.ഐ കോടതിയില്‍ വാദം പൂര്‍ത്തിയായി. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് ശേഷമാണ് അറസ്റ്റു ചെയ്തതെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചു. ചിദംബരം അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. അന്വേഷണത്തോട് സഹകരിക്കുന്നില്ല. കുറ്റപത്രം സമര്പ്പിച്ചിട്ടില്ലാത്തതിനാല് കസ്റ്റഡിയില്‍ വേണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു. ചിദംബരത്തിനു വേണ്ടി കപില്‍ സിബലും അഭിഷേക് മനു സിംഗ്വിയും വാദിച്ചു. ഇതേ കേസില്‍ രണ്ടു പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിന്റെ കരട് തയ്യാറായെങ്കില്‍ കസ്റ്റഡിയില്‍ വയ്ക്കുന്നതെന്തിനെന്നും സിബല്‍ ചോദിച്ചു,
പി. ചിദംബരവും കോടതിയില്‍ വാദിച്ചു. സി.ബി.ഐ ഇന്നു ചോദിച്ച 12 ചോദ്യങ്ങളില്‍ ആറ് എണ്ണവും കഴിഞ്ഞ ഓഗസ്റ്റില്‍ തന്നോടു ചോദിച്ചതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സി.ബി.ഐയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ട്. തനിക്ക് വിദേശ അക്കൗണ്ടില്ല, മകന് വിദേശ അക്കൗണ്ടുണ്ട്. പ്രസക്തമായ ഒരു ചോദ്യവും സി.ബി.ഐ ചോദിച്ചില്ലെന്നും ചിദംബരം പറഞ്ഞു. കോടതിയില്‍ തന്റെ ഭാഗം പറയാന്‍ അനുവദിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തു. ഭാര്യ നളിനി ചിദംബരവും മകന് കാര്‍ത്തി ചിദംബരവും കോടതിയിലെത്തിയിരുന്നു. ചിദംബരം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചില്ല.
ചിദംബരം ചോദ്യംചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് സി.ബി.ഐ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ 2018 ജൂണ്ആറിന് ചോദ്യംചെയ്യലിന് ഹാജരായപ്പോള്‍ സിബിഐ ഉദ്യോഗസ്ഥര്‍ ചോദിച്ച ഒരു ചോദ്യത്തിനുപോലും താന്‍ ഉത്തരം നല്‍കാതിരുന്നില്ലെന്ന് അദ്ദേഹം വാദിച്ചു. കേസ് ഡയറി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ചൂണ്ടിക്കാട്ടി.