കട്ടപ്പന: കട്ടപ്പനയിലെ ഫെഡറല്‍ബാങ്ക് ശാഖയില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതോവാള നെടുമ്പള്ളി രാധാമണി (63)യാണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. മുക്കുപണ്ടം പണയപ്പെടുത്താനെത്തിയ ഇവരുടെ സ്വര്‍ണം പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തു വരുന്നത്. മുമ്പ് ഇരട്ടയാര്‍ സഹകരണ ബാങ്കിലും സമാനമായി തട്ടിപ്പ് നടത്തിയിട്ടിട്ടുണ്ടെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. 12 ഗ്രാം മുക്കുപണ്ടമാണ് ഇവര്‍ ഇരട്ടയാര്‍ ബാങ്കില്‍ പണയപ്പെടുത്തിയത്. ഇതില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കട്ടപ്പന ഫെഡറല്‍ ബാങ്കില്‍ 22 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 58,000 രൂപയാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. സി.ഐ. വി.എസ്.അനില്‍കുമാര്‍, എസ്.ഐ. സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.