കൊച്ചി: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന തന്റെ കടയിലെ വസ്ത്രമെല്ലാം നല്കിയ നൗഷാദിന് യുഎഇ സന്ദര്‍ശനത്തിന് ക്ഷണം. പയ്യന്നൂര്‍ സ്വദേശിയായ അഫി അഹ്മദാണ് നൗഷാദിനും കുടുംബത്തിനും ഗള്‍ഫ് യാത്ര സാധ്യമാക്കുന്നത്. സ്മാര്‍ട്ട് ട്രാവല്‍സ് എന്ന കമ്ബനിയുടെ ഉടമയായ അഫി രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് ഇവരെ യുഎഇയിലേക്ക് കൊണ്ടുപോവുന്നത്. ഗള്‍ഫ്നാട്ടില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ ദുരിതബാധിതരിലേക്ക് എത്തിക്കാന്‍ ലക്ഷമിട്ടാണ് യാത്ര.
രണ്ടു മാസം മുന്‍പ് വാടകയ്ക്കെടുത്ത ബ്രോഡ്വേ അപ്സരയിലെ കടമുറിയിലായിരിക്കും നൗഷാദ് തിങ്കളാഴ്ച മുതല്‍ കച്ചവടം നടത്തുക. ‘നൗഷാദ് ഇക്കാന്റെ കട’ എന്നാണ് പുതിയ കടയുടെ പേര്. ഇവിടെ നിന്ന് ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങി പ്രളയ ദുരിതബാധിതര്‍ക്ക് കൈമാറുമെന്നും അഫി അറിയിച്ചു. ഇതില്‍നിന്നുള്ള ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് നൗഷാദിന്റെ തീരുമാനം.
ഒരു ലക്ഷം രൂപ പാരിതോഷികവും ഗള്‍ഫ് സന്ദര്‍ശനവും വാഗ്ദാനം ചെയ്തപ്പോള്‍ ആദ്യം അത് നിരസിച്ച നൗഷാദ് പിന്നീട് ദുരിതബാധിതരെ സഹായിക്കാമെന്ന് അറിഞ്ഞപ്പോള്‍ സമ്മതിക്കുകയായിരുന്നു. ഇങ്ങനെയാണ് പുതുതായി തുറക്കാനിരിക്കുന്ന കടയില്‍നിന്ന് ഒരു ലക്ഷം രൂപയ്ക്ക് വസ്ത്രങ്ങള്‍ വാങ്ങാം എന്ന തീരുമാനത്തിലേക്കെത്തിയത്.