പ്രളയത്തിലും ഉരുള്‍പൊട്ടലിലും എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി തിരുവനന്തപുരത്തിന്റെ സ്നേഹം കരകവിഞ്ഞു ഒഴുകുകയാണ്, ഇത് സാക്ഷ്യപ്പെടുത്തി മന്ത്രി കടകംമ്പിള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഒപ്പമുണ്ട് തിരുവനന്തപുരം.
പ്രളയത്തിലും ഉരുള്‍പൊട്ടലിലും എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി തിരുവനന്തപുരത്തിന്റെ സ്നേഹം കരകവിഞ്ഞു ഒഴുകുകയാണ്. ദുരിതാശ്വാസ സാമഗ്രികളുടെ കളക്ഷന്‍ തിരുവനന്തപുരത്തെ വിവിധ കളക്ഷന്‍ സെന്ററുകളില്‍ ശക്തമായി പുരോഗമിക്കുകയാണ്.
ദുരിതാശ്വാസ സാമഗ്രികളുടെ കളക്ഷന്‍ തിരുവനന്തപുരത്തെ വിവിധ കളക്ഷന്‍ സെന്ററുകളില്‍ ശക്തമായി പുരോഗമിക്കുകയാണ്. വോളന്റിയറായും റിലീഫ് മറ്റീരിയല്സുമായും നമ്മുടെ യുവത്വം കളക്ഷന്‍ സെന്ററുകളിലേക്ക് ഒഴുകുകയാണ്. ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കോര്‍പ്പറേഷനും സന്നദ്ധസംഘടനകളും വഴിയും ടണ്‍ കണക്കിന് അവശ്യവസ്തുക്കള്‍ ഇതുവരെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് കയറ്റി അയക്കാനായി നമുക്കായി. ജില്ലയിലെ കലക്ഷന്‍ സെന്ററുകളിലേക്ക് ഇന്നും സഹായ പ്രവാഹമാണ്.
തിരുവനന്തപുരം നഗരസഭയില്‍ ആരംഭിച്ച ദുരിതാശ്വാസ ശേഖരണ കൗണ്ടര്‍ വഴി ഇതുവരെ 53 ലോഡ് സാധനങ്ങള്‍ കയറ്റി അയച്ചു. മെയിന്‍ ഓഫീസിലും വിമന്‍സ് കോളേജിലുമായി പ്രവര്‍ത്തിക്കുന്ന രണ്ട് ശേഖരണ കേന്ദ്രങ്ങളില്‍ സമാഹരിക്കുന്ന സാധനങ്ങളാണ് നഗരസഭയില്‍ നിന്നും കയറ്റി അയക്കുന്നത്. നാളെയും കൂടി ഈ കേന്ദ്രങ്ങള്‍ വഴി വിഭവ സമാഹരണം നടത്തും. നാളെ കഴിഞ്ഞാല്‍ 20-ആം തീയതി വരെ നിശാഗന്ധി കേന്ദ്രീകരിച്ച് കളക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കലക്ഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തുന്നതിന് പുറമെ വളന്റിയര്‍മാര്‍ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും നിന്നും സാധനങ്ങള്‍ ശേഖരിക്കുന്നുമുണ്ട്. ഇത് കൂടാതെ ഇതിനകം സമാഹരിച്ച സാധനങ്ങള്‍ വാഹനങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇവിടെ നിന്നും കയറ്റി അയക്കും. വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ബന്ധപ്പെടാം. മേയര്‍ വി.കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ സ്റ്റാന്‍ഡിങ് സമിതി അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ള സുസ്സജ്ജമായ ടീം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയും വോളന്റിയര്‍മാരായി സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും യുവാക്കളും നമ്മുടെ ഒപ്പമുണ്ട്. സമാഹരിച്ച സാധനങ്ങളുമായി യാത്ര തിരിച്ച വാഹനത്തില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് നേരിട്ട് പോയ കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി.ബിനു യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവേശമായി. അവശ്യ സാധനങ്ങള്‍ കയറ്റി അയക്കുന്നതിനോടൊപ്പം നഗരസഭയുടെ മെഡിക്കല്‍ സംഘവും ദുരിത ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ എസ്.എം.വി സ്കൂളില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററില്‍ നിന്നു ഇതിനോടകം 8 ലോഡ് അവശ്യവസ്തുക്കള്‍ പ്രളയബാധിത ജില്ലകളിലേക്ക് കയറ്റി അയക്കാനായി. കുടിവെള്ളം, വസ്ത്രങ്ങള്‍, ലഘുഭക്ഷണം, അവശ്യ മരുന്നുകള്‍, ശുചീകരണ വസ്തുക്കള്‍ എന്നിവയാണ് വയനാട്ടിലേക്ക് കയറ്റി അയച്ചവ. വോളന്റിയര്‍മാരായി സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും യുവാക്കളും സഹായിക്കുന്നുണ്ട്.
ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ജില്ലാ പഞ്ചായത്ത് വഴി ഇതുവരെ 26 ടോറസ് ലോറി അവശ്യ സാധനങ്ങളും 15 ലക്ഷം രൂപയുടെ മരുന്നുകളും മലപ്പുറം, വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കയറ്റിയയച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ നേതൃത്വത്തിലാണ് കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ 73 പഞ്ചായത്തുകള്‍ വഴിയും 10 യു.എല്‍.ബി വഴിയും സമാഹരിച്ച റിലീഫ് മെറ്റീരിയലുകളാണ് ഇവിടെ നിന്നും പോകുന്നത്. കൂടാതെ ജില്ലയിലെ കുടുംബശ്രീയുടെ മുഴുവന്‍ സി.ഡി.എസുകള്‍ ശേഖരിക്കുന്ന സാധനങ്ങളും ഇവിടെ നിന്നാണ് കയറ്റി അയക്കുന്നത്. ജില്ലയിലെ എല്ലാ ഗ്രാമ-ബ്ലോക്ക് കേന്ദ്രങ്ങളിലും ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ കലക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് വിഭവസമാഹരണം. അവശ്യ സാധങ്ങള്‍ കയറ്റി അയക്കുന്നതിനോടൊപ്പം പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 200 പേരടങ്ങുന്ന സംഘത്തെ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. അവശ്യ ജില്ലകളില്‍ നിന്നും അറിയിപ്പ് ലഭിച്ചാലുടന്‍ സംഘം പുറപ്പെടും. ശുചീകരണ സാമഗ്രികള്‍, യന്ത്രങ്ങള്‍ ഉള്‍പ്പടെ അവശ്യം വേണ്ട വസ്തുക്കളുമായിട്ടാകും ഇവര്‍ പോവുക.
ജില്ലയിലെ സഹകരണ വകുപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്ന് സ്വരൂപിച്ച 7 ഓളം ലോഡ് റിലീഫ് മെറ്റീരിയലുകള്‍ തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും കയറ്റി അയക്കും. ജില്ലയിലെ വിവിധ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ സമാഹരിച്ച അവശ്യവസ്തുക്കള്‍ തിരുവനന്തപുരം ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജില്‍ നിന്നും കയറ്റി അയച്ചു. മലപ്പുറം മഞ്ചേരി ഗവ: സ്കൂളിലേക്ക് സാമഗ്രികളുമായി പോയ വാഹനത്തോടൊപ്പം 15 ഓളം എന്‍.എസ്.എസ് വോളണ്ടിയര്‍മാരും ഉണ്ടായിരുന്നു. തുടര്‍ന്ന് സമാഹരിക്കുന്ന സാധനങ്ങളുമായി മറ്റൊരു ബസ് കൂടി ഉടന്‍ പോകുന്നുണ്ട്. കേരള സ്റ്റേറ്റ് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡും ഭാരത് ഭവനും സംയുക്തമായും ചലച്ചിത്ര അക്കാദമി വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നും സംഭരിച്ച റിലീഫ് മെറ്റീരിയലുകള്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരും പ്രസ് ക്ലബില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ച് ഈ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം ചേര്‍ന്നിരുന്നു. മൂന്ന് ലോഡ് അവര്‍ ഇതുവരെ കയറ്റി അയച്ചു കഴിഞ്ഞു. കളക്ഷന്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ ലോഡ് ഇവിടെ നിന്നും പോകുമെന്ന പ്രതീക്ഷയാണ് അവര്‍ എന്നോട് പങ്കു വച്ചത്. ടെക്നോപാര്‍ക്കിലെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയും സാധനസാമഗ്രികള്‍ സമാഹരിച്ച് അയച്ചിരുന്നു. കഴിഞ്ഞ തവണയും ടെക്നോ പാര്‍ക്ക് കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിധ്വനി നേതൃത്വം നല്‍കിയിരുന്നു. ഇത്തവണ 5 വലിയ ലോറിയിലും 4 ജീപ്പിലുമായാണ് സാധനങ്ങള്‍ കയറ്റി അയച്ചത്. മൂന്ന് ലോഡ് കൂടി ഇവിടെ നിന്നും അയക്കാനാകും. കൂടാതെ 250 കുടുംബങ്ങള്‍ക്ക് ക്യാമ്പുകളില്‍ നിന്നും മടങ്ങുമ്പോള്‍ കിറ്റ് നല്‍കാനും പദ്ധതിയുണ്ട്. ബിഗ് എഫ്.എമ്മിന്റെ നേതൃത്വത്തില്‍ ‘ബിഗ് ഫ്രണ്ട്സ്’ കൂട്ടായ്മ ഇതുവരെ 10 ലോഡ് സാധന സാമഗ്രഹികള്‍ കയറ്റി അയച്ചിട്ടുണ്ട്.
ഡി.വൈ.എഫ്.ഐയുടെ വിവിധ ബ്ലോക്ക് കമ്മിറ്റികളുടെയും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 14 ലോഡും സമാഹരിച്ചു. ഇത് കൂടാതെ ജില്ലയില്‍ സിഐടിയു സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് ദുരിതാശ്വാസ കലക്ഷന്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എന്‍സിസി, എസ് പിസി, സ്കൗട്ട്, സന്നദ്ധ സേന, എന്‍എസ്എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ കലക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഒരു കലക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍എസ്എസ്, എസ്പിസി, ജെആര്‍സി സ്റ്റുഡന്‍സ് പൊലീസ് വളണ്ടിയര്‍മാര്‍ അവശ്യ സാധനങ്ങള്‍ സംഭരിക്കാന്‍ വീടുകളില്‍ എത്തുകയും ചെയ്യും. സെക്രട്ടറിയറ്റ് എപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലും കലക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം ചെങ്കല്‍ചൂള ഫയര്‍ സ്റ്റേഷനില്‍ ഫയര്‍ സര്‍വീസ് അസോസിയേഷന് ശേഖരിച്ച ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍ മലപ്പുറത്തേക്ക് എത്തിക്കും.
ത്തരത്തില്‍ ചെറുതും വലുതുമായ നിരവധി കളക്ഷന്‍ സെന്ററുകള്‍ വഴിയും സന്നദ്ധ സംഘടനകളും രാഷ്ട്രീയ-യുവജന-വിദ്യാര്‍ത്ഥി സംഘടനകളും സമാഹരിക്കുന്ന തിരുവനന്തപുരത്തിന്റെ സ്നേഹം അണമുറിയാതെ കാലവര്‍ഷക്കെടുതി ഉലച്ച ജില്ലകളിലേക്ക് ഒഴുകുകയാണ്.
ജാതിയും മതവും തെക്കും വടക്കും പറഞ്ഞു കലഹിക്കണ്ട സമയമയല്ല, ഒരുമയോടെ നില്‍ക്കേണ്ട കാലമാണെന്ന് തെളിയിക്കാന്‍ ഒപ്പം നിന്ന എല്ലാവര്ക്കും നന്ദി. ഇതിനായി സംസ്ഥാന സര്‍ക്കാരിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിച്ച മേയര്‍ വി.കെ.പ്രശാന്ത്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, വിവിധ സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവര്ക്കും ബിഗ് സല്യൂട്ട്.
സ്നേഹത്തോടെ, കടകംപള്ളി സുരേന്ദ്രന്