ലഖ്നൗ: ഉന്നാവ് പെൺകുട്ടിയുൾപ്പെട്ട വാഹനാപകട കേസിന് പിന്നിൽ ഗൂഡ നീക്കങ്ങളുണ്ടെന്ന് ആരോപണവിധേയനായ കുൽദീപ് സെൻഗർ എംഎൽഎ. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ സീതാപ്പൂര്‍ ജയിലില്‍ കഴിയുന്ന കുല്‍ദീപ് സെഗാറിനെ സിബിഐ ഇന്ന് നാലുമണിക്കൂറാണ് ചോദ്യംചെയ്തത്. എന്നാല്‍ തനിക്കെതിരായ കേസിന് പിന്നിൽ ഗൂഡ നീക്കങ്ങളുണ്ടെന്നാണ് എംഎൽഎയുടെ നിലപാട്. വ്യക്തിവൈരാഗ്യമാണ് അപകടത്തിലേക്ക് പേര് വലിച്ചിഴച്ചതിന് പിന്നിലെന്നും കുൽദീപ് സെംഗർ ആരോപിക്കുന്നു. സിബിഐയുടെ ചോദ്യംചെയ്യല്‍ ഇന്ന് അവസാനിച്ചെങ്കിലും വീണ്ടും എംഎല്‍എയെ ചോദ്യം ചെയ്യും.
അതേസമയം ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായത് ആശാവഹമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചികിത്സക്കായി തല്ക്കാലം ദില്ലിയിലേക്ക് പെണ്‍കുട്ടിയെ മാറ്റേണ്ടെന്ന് ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്. കുടുംബാംഗങ്ങളും സമാന നിലപാട് സ്വീകരിക്കുകയായിരുന്നു. മികച്ച ചികിത്സയാണ് പെൺകുട്ടിക്ക് കിട്ടുന്നതെന്നും തൽക്കാലം ദില്ലിയിലേക്ക് മാറ്റേണ്ടതില്ലെന്നും കുടുംബാംഗങ്ങൾ കോടതിയെയും അറിയിച്ചു. ഇതനുസരിച്ചാണ് പെൺകുട്ടിയെ ഉടൻ ദില്ലിയിലേക്ക് എയർലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് തൽക്കാലം സുപ്രീംകോടതി മരവിപ്പിച്ചത്.