തിരുവനന്തപുരം: മുൻ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനും പെൺ സുഹ്യത്തും സഞ്ചരിച്ച അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിന് ദാരുണാന്ത്യം.
ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിൽ വച്ചാണ് അപകടം. കൊല്ലത്ത് സിറാജ് പ്രെമോഷൻ സമിതിയുടെ യോഗത്തിന് ശേഷം മടങ്ങവേ
വെള്ളയമ്പലത്ത് നിന്ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിന് പുറകെയുള്ള വീട്ടിലേക്കുള്ള യാത്രയിലായിരുന്നു.
റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റ കാർ ഇടിക്കുകയായിരുന്നു.
അമിത വേഗതയിൽ എത്തിയ കെ എൽ 01 ബിഎം 360 എന്ന നമ്പറിലെ കാറാണ് അപകടമുണ്ടാക്കിയത്.
വണ്ടി ബഷീറിന്റെ ബൈക്കിന് പിന്നിലിടിച്ച് മതിലിലേക്ക് ചേർത്ത് വയ്ക്കുകയായിരുന്നു.
അപകടത്തിൽ ബഷീറിന്റെ ബൈക്ക് പൂർണ്ണമായും തകർന്നു. മതിലിനോട് ഇടിച്ച് ചേർക്കുകയാണ് ഉണ്ടായത്. ബഷീറിന്റെ മരണവും തൽക്ഷണമുണ്ടായി. തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ശ്രീറാം വെങ്കിട്ട രാമൻ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കാറിൽ ഉണ്ടായിരുന്ന സ്ത്രീയെയും പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൊല്ലത്ത് സിറാജ് പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീർ.
അപകടത്തിന് പിന്നാലെ പൊലീസ് എത്തി. ആളെ തിരിച്ചറിഞ്ഞതോടെ പൊലീസ് ശ്രീറാം വെങ്കിട്ടരമനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. യുവതിയെ മറ്റൊരു വാഹനത്തിൽ കടത്തിവിട്ടു.
വാഹനം ഓടിച്ചിരുന്നു എന്ന് പറയുന്ന സ്ത്രീയെ പൊലീസ് തന്ത്രപരമായി വെറുതെ വിട്ടത്. വിവാദമായതോടെയാണ് പൊലിസ് ഇവരെ തിരിച്ചെത്തിച്ചത്. അതുകൊണ്ട് തന്നെ അവരുടെ മെഡിക്കൽ പരിശോധനയും നടന്നില്ല.ശ്രീറാം വെങ്കിട്ടരാമന് കൈക്ക് പരിക്കുണ്ട് ഈ പരിക്ക് ഗുരുതരമല്ല.
വാഫാ ഫിറോസ് എന്ന യുവതിയുടേതാണ് കാർ. ഇന്ന് രാവിലെ യുവതിയുടെ വൈദ്യപരിശോധന നടന്നു. കാർ തന്റേതാണെന്നും ഓടിച്ചത് താനാണെന്നും യുവതിയും മൊഴി നൽകിയിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാനാണ് സിസിടിവി പരിശോധന.
തലസ്ഥാനത്തെ സൗമ്യനായ പത്രപ്രവർത്തകനാണ് ബഷീർ. പത്രപ്രവർത്തക യൂണിയനിലും മറ്റും സജീവമായ ബഷീർ സിറാജിലെ അവകാശ പോരാട്ടത്തിനും നേതൃത്വം നൽകി.
2004ൽ തിരൂർ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ തുടക്കം
2004ൽ തിരൂർ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ പത്രപ്രവർത്തനം ആരംഭിച്ച കെ എം ബഷീർ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ചേർന്നു. 2006 ൽ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടർന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീർഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.
കുടുംബം
പ്രമുഖ സൂഫിവര്യൻ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീർ തിരൂർ വാണിയന്നൂർ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കൾ: ജന്ന, അസ്മി.