ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരാണ് അറസ്റ്റിലായത്. സിപിഐ ജില്ലാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
സംഭവത്തില്‍ ഉള്‍പ്പെട്ട കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിനും രണ്ടു മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലും കാനത്തിന് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എറണാകുളം ലാത്തിചാര്‍ജുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനത്തിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പതിച്ചത്. സിപിഐക്കാരാരും തനിക്കെതിരെ പോസ്റ്റര്‍ പതിക്കില്ല എന്നായിരുന്നു കാനത്തിന്റെ ഈ വിഷയത്തോടുള്ള പ്രതികരണം.