തിരുവനന്തപുരം: ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗം ഇന്ന് സാമ്പത്തികമായി പിന്നണിയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അതുകൊണ്ടാണ് പിന്നോക്ക സമുദായ സംവരണം നിലനില്‍ക്കെ ഉയര്‍ന്ന ജാതിയിലെ പാവപ്പെട്ടവര്‍ക്ക് നിശ്ചിത ശതമാനം സംവരണം അനുവദിക്കണമെന്ന് സിപിഎം ദേശീയ തലത്തില്‍ തന്നെ വളരെ മുമ്പ് ആവശ്യപ്പെട്ടതെന്നും കോടിയേരി വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് കനത്ത തോല്‍വിയുണ്ടായതിന്റെ കാരണങ്ങള്‍ ജനങ്ങളോട് ചോദിച്ചറിയുന്നതിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ ‘ജനമനസിലൂടെ…’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന് തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്.
തിരുവനന്തപുരത്ത് ഒരു അഗ്രഹാരത്തിലെത്തിയപ്പോള്‍ തങ്ങളെ സവര്‍ണഹിന്ദുക്കള്‍ എന്ന് വിശേഷപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നതായി പരാതി കേട്ടു എന്ന് കോടിയേരി കുറിച്ചു. സവര്‍ണ ഹിന്ദു മേധാവിത്വ തത്വശാസ്ത്രമാണ് ആര്‍എസ്എസിന്റേതെന്ന് കമ്മ്യൂണിസ്റ്റുകാര്‍ ചൂണ്ടികാണിക്കാറുണ്ട്.
എന്നാല്‍, അത് ജന്മം കൊണ്ട് സവര്‍ണ സമുദായത്തില്‍ പിറന്ന് ഇപ്പോള്‍ ദാരിദ്ര്യാവസ്ഥയില്‍ കഴിയുന്നവരെ ആക്ഷേപക്കാനല്ല. അഗ്രഹാരങ്ങളില്‍ പട്ടിണിയില്‍ കഴിയുന്നവരെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന അവരുടെ ആവശ്യം ന്യായമാണ്. ചേരികള്‍ക്ക് സമാനമായ ദുരവസ്ഥയിലുള്ള പല അഗ്രഹാരങ്ങളും പുതുക്കി പണിയാന്‍ ഒരു വീടിന് അഞ്ചു ലക്ഷം രൂപ കിട്ടുന്ന തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ടെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
സഭയും കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള അകല്‍ച്ച കുറഞ്ഞതിനെപ്പറ്റി സന്തോഷപൂര്‍വ്വമാണ് ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര് പ്രതികരിച്ചതെന്നും കോടിയേരി ബാലകൃഷ്ണന് കുറിച്ചു. ഇടതുപക്ഷം കേരളത്തില്‍ ശക്തമായതു കൊണ്ടാണ് വടക്കേ ഇന്ത്യയിലേത് പോലെ വര്‍ഗീയ കുഴപ്പങ്ങള്‍ ഇവിടെ ഉണ്ടാകാത്തത്.
അതിനാല്‍ ഇടതുപക്ഷത്തെ ദുര്‍ബലമാക്കാന്‍ സഭാനേതൃത്വം ബോധപൂര്‍വ്വം ഇടപെടല്‍ നടത്തില്ലെന്നും അവര്‍ പറഞ്ഞതായി അദ്ദേഹം എഴുതി. ഇടതുപക്ഷത്തിന് വോട്ടു ചോര്‍ച്ചയുണ്ടായതില്‍ ശബരിമല വിഷയം ഒരു ഘടകമാണെന്ന് ചിലര്‍ വെളിപ്പെടുത്തി. ശബരിമല കാരണമാണ് വോട്ട് മറിഞ്ഞതെന്ന് വീട്ടമ്മമാര്‍ തുറന്ന് പറഞ്ഞു.
ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശബരിമല നയം ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടാനുള്ള നുണുക്കു വിദ്യയാണ്. ഇത് ജനങ്ങളില്‍ നല്ലൊരു വിഭാഗം തിരിച്ചറിഞ്ഞു തുടങ്ങുകയാണ്. പല കാരണങ്ങളാല്‍ എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തവര്‍ തന്നെ പിണറായി വിജയന് നയിക്കുന്ന സര്‍ക്കാരില്‍ മതിപ്പാണ് പ്രകടിപ്പിച്ചതെന്നും കോടിയേരി അവകാശപ്പെട്ടു.