മുംബൈ: കാഴ്ചാപരിമിതി നേരിടുന്നവര്‍ക്ക് കറന്‍സി നോട്ടുകള്‍ തരിച്ചറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക്. ഇപ്പോള്‍ വിനിമയത്തിലുളള 10, 20, 50, 100, 200, 500, 2000 തുടങ്ങിയ നോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ തയ്യാറാക്കാനാണ് ആര്‍ബിഐ ആലോചിക്കുന്നത്.
ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നതിനായി ടെക് കമ്പനികളില്‍ നിന്ന് റിസര്‍വ് ബാങ്ക് താല്പര്യപത്രം ക്ഷണിച്ചു. മഹാത്മാ ഗാന്ധി സീരിസിലുളളതും പുതിയ മഹാത്മ ഗാന്ധി സീരീസിലുളളതുമായ കറന്‍സി നോട്ടുകള്‍ മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചാല്‍ ഓഡിയോ നോട്ടിഫിക്കേഷനായി വ്യക്തികള്‍ക്ക് കറന്‍സിയുടെ മൂല്യമേതെന്ന് വ്യക്തമാക്കി നല്കുന്ന ആപ്ലിക്കേഷന്‍ നിര്‍മിച്ചുനല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് താല്പര്യ പത്രത്തില്‍ വ്യക്തമാക്കുന്നത്.
രാജ്യത്തെ അന്ധരും, കാഴ്ചാപരിമിതി നേരിടുന്നവരുമായ 80 ലക്ഷം വ്യക്തികള്‍ക്ക് ഇത്തരം ഒരു ആപ്ലിക്കേഷന്‍ ഏറെ സഹായകരമാകുമെന്നാണ് റിസര്‍വ് ബാങ്ക് കരുതുന്നത്.