വള്ളികുന്നത്തു കൊല്ലപ്പെട്ട വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ തീവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായെങ്കിലും കുറഞ്ഞ രക്തസമ്മര്‍ദം കാരണം ഇന്നലെയും ഡയാലിസിസ് നടത്താന്‍ കഴിഞ്ഞില്ല. ഹൃദയമിടിപ്പും കുറഞ്ഞു തുടങ്ങി. വൃക്കകളുടെ പ്രവര്‍ത്തനം നേരത്തെ തന്നെ തകരാറിലായിരുന്നു. മൂത്ര തടസ്സവുമുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലുള്ള അജാസിനു ബോധം നഷ്ടമായി. ആരോഗ്യ നില വഷളായി തുടരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് ആശുപത്രിയിലെത്തി അജാസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പകര്‍പ്പിനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്കി.