കാസര്‍കോട്: തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ മോഷണം പോയെന്ന കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണത്തിന് മറുപടിയുമായി കുണ്ടറ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൃഥിരാജ്. തന്റെ ഭാര്യയോട് ഉണ്ണിത്താന് ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ ഫോണിലൂടെ മോശമായി സംസാരിച്ചെന്നും പൃഥിരാജ് ആരോപിക്കുന്നു. താനാണ് പണം മോഷ്ടിച്ചതെന്ന ഉണ്ണിത്താന്റെ പരാതി അടിസ്ഥാനരഹിതമെന്ന് പൃഥിരാജ് വ്യക്തമാക്കുന്നു.
പ്രചാരണത്തിന്റെ ചുമതല കൊല്ലത്തെ ഡിസിസി ജനറല്‍ സെക്രട്ടറി നടുകുന്നം വിജയനായിരുന്നു. പ്രചാരണവും സ്വക്വാഡ് വര്‍ക്കുകള്‍ ഏകോപിക്കലുമായിരുന്നു താന്‍ ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ണിത്താന് ഏര്‍പ്പെടുത്തിയതെന്ന് പറഞ്ഞ് ചിലര്‍ തന്റെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച് അശ്ലീലം സംസാരിച്ചെന്നും പൃഥിരാജ് പറയുന്നു. എന്നാല്‍, വോട്ടെണ്ണല്‍ കഴിഞ്ഞ് മെയ് 24 ന് താന്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാമെന്നാണ് ഉണ്ണിത്താന്റെ വിശദീകരണം.
തെരഞ്ഞെടുപ്പ് സമയത്ത് ബൂത്തുകളിലേക്ക് നല്കാന് മാറ്റി വച്ചിരുന്ന പണത്തില്‍ നിന്നാണ് പൃഥിരാജ് മോഷണം നടത്തിയതെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണം. അഞ്ച് ലക്ഷം മോഷണം പോയെന്ന് കാട്ടിയാണ് ഉണ്ണിത്താന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. എന്നാല്‍, ഉണ്ണിത്താന് തന്റെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും അത് തരാതിരിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് പൃഥിരാജിന്റെ മറുപടി.