കൊല്‍ക്കത്ത: ഒഡീഷയിൽ വൻ നാശം വിതിച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക് കടന്നു. മണിക്കൂറിൽ 105 കിലോമീറ്റർ വേഗത്തിൽ പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കൻ മേഖലയിൽ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയിൽ മാത്രം ചുഴലിക്കാറ്റിന്റെ കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ടായി.
വലിയ മുന്നൊരുക്കങ്ങളാണ് പശ്ചിമബംഗാളിലും ഫോനിയെ നേരിടാനായി ഒരുക്കിയിട്ടുള്ളത്. കൊൽക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. ഫോനിയെ തുടര്‍ന്ന് പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ തെരഞ്ഞടെുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചു.
പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസി തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിനോദസഞ്ചാരികളോട് കൊല്‍ക്കത്ത വിടാൻ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്.