പത്തനംതിട്ട: കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മൂന്ന് ഷാപ്പുകള്‍ അടച്ച് പൂട്ടാന്‍ എക്സൈസ് വകുപ്പ് നിര്‍ദ്ദേശം. ഇവിടെ നിന്ന് എടുത്ത കള്ളിന്റെ സാമ്പിളുകള്‍ തിരുവനന്തപുരം ചീഫ് കെമിക്കല്‍ എക്സാമിനേഷന് ലബോറട്ടറിയിലേക്ക് രാസ പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ പരിശോധനയിലാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയതായി തെളിഞ്ഞത്. പത്തനംതിട്ട റേഞ്ചിലെ ടി എസ് 16 പരിയാരം, ടി എസ് 12 തറയില്‍ മുക്ക്, കോന്നി റേഞ്ചില്‍ ടി എസ് ഏഴ് പൂങ്കാവ് എന്നീ ഷാപ്പുകള്‍ക്കാണ് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഷാപ്പുകളുടെ ഉടമകളായ കുമ്പഴ ആലുനില്ക്കുന്നതില് കുഞ്ഞുമോന്, കോഴഞ്ചേരി മെഴുവേലി അജിഭവനത്തില്‍ എ.ജെ.അജി, പീരുമേട് കൊക്കയാര്‍ കാക്കനാട് വീട്ടില്‍ റെജി ജോര്‍ജ്, മാനേജര്‍മാരായ ഇലന്തൂര്‍ കിഴക്കേതില്‍ അനിലാല്‍, കൊല്ലം തൃക്കടവൂര്‍ ഇടവിനാട്ട് ചന്ദ്രന്, കോന്നി മങ്ങാരം വെളിയത്ത് മേലേതില്‍ രാജുക്കുട്ടന് എന്നിവര്‍ക്കെതിരേ എക്സൈസ് കേസെടുത്തു.കനാബിനോയ്ഡ് എന്ന നിരോധിത മയക്കുമരുന്നിന്റെ സാന്നിധ്യമായിരുന്നു ഈ ഷാപ്പുകളിലെ കള്ളില്‍ കണ്ടെത്തിയത്. ഈ ലഹരിയില്‍ കഞ്ചാവ് ഓയിലിന്റെ അംശം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.