കമർപറ: അഞ്ച് വർഷം മുൻപ് ഇന്ത്യയെ കേൾക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും എന്നാലിന്ന് ലോകം ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാൻ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വർദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബംഗാളിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലെത്തിയ ശേഷം ഇതുവരെ നടത്തിയ വിദേശയാത്രകളുടെ പേരിൽ പ്രതിപക്ഷം നിരന്തരം ആക്രമിച്ചിട്ടും ഇതുവരെ മോദി ഇതിനോട് ഇത്തരത്തിൽ പ്രതികരിച്ചിരുന്നില്ല. ചായക്കടക്കാരന് വിദേശയാത്ര പോകാനാണ് താത്പര്യമെന്ന് നേരത്തെ മമത ബാനർജി മോദിയെ ലക്ഷ്യമാക്കി വിമർശിച്ചിരുന്നു.
രാജ്യത്ത് 20-25 സീറ്റുകളിൽ മാത്രം മത്സരിക്കുന്ന പാർട്ടികളുടെ നേതാക്കൾക്ക് പോലും പ്രധാനമന്ത്രിയാകണമെന്ന മോഹമാണെന്ന് മോദി വിമർശിച്ചു. ആദ്യ മൂന്ന് ഘട്ട പോളിങ് പൂർത്തിയായപ്പോൾ വെസ്റ്റ് ബംഗാളിൽ മമതയുടെ രാഷ്ട്രീയം അവസാനിക്കുകയാണെന്ന് മോദി പറഞ്ഞു.