മലപ്പുറം: പൊന്നാനിയിലെ എല്‍.ഡി.എഫ് പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ പ്രസംഗിച്ചതിന് പരിസ്ഥിതി സംരക്ഷണയാത്രക്കു നേരെ താനൂരില്‍ ആക്രമണം. അന്‍വറിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയ വിവരാവകാശ കൂട്ടായ്മ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആക്രമണം. വാഹനത്തിലെ നോട്ടീസുകള്‍ കത്തിക്കുകയും റോഡില്‍വാരിവലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തു. ബാനറുകളും കീറി നശിപ്പിച്ചു.
വെള്ളിയാഴച്ച വൈകുന്നേരം ആറിന് താനൂരില്‍ സമാപനയോഗത്തില്‍ കെ.വി ഷാജി പ്രസംഗിക്കുന്നതിനിടെയാണ് നൂറോളം പേരുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്. ഷാജിയുടെ ഫോണ്‍ തകര്‍ക്കുകയും ചെയ്തു. പൊലീസെത്തിയതോടെയാണ് അക്രമികള്‍ പിരിഞ്ഞുപോയത്. വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജി, അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിനും തടയണക്കുമെതിരെ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്കിയ നദീസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി രാജന്, പശ്ചിമഘട്ട സംരക്ഷണസമിതി പ്രവര്ത്തകന് അബ്ദുല്‍ മജീദ് മല്ലഞ്ചേരി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.